പമ്പ: ശബരിമലക്ക് തനതായ ചരിത്രവും ഐതിഹ്യവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വേര്‍തിരിവുകള്‍ക്കും ജാതിമതഭേദമില്ലാതെ മതാതീത ആത്മമീയതയെ ഉത്‌ഘോഷിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ്. ആ നിലയ്ക്ക് ശബരിമലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏകപക്ഷീയമായി സങ്കല്‍പ്പിച്ച് നടപ്പിലാക്കുകയല്ല ചെയ്യുന്നത്. ഭക്തജനങ്ങളില്‍ നിന്ന് തന്നെ മനസ്സിലാക്കി ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തിലാണ് ഈ സംഗമം. ഇതിനോട് ഭക്തജനങ്ങള്‍ സര്‍വ്വാത്മനാ സഹകരിക്കുന്നുവെന്നത് സന്തോഷകരമാണ്.
യഥാര്‍ത്ഥ ഭക്തര്‍ക്ക് ഇങ്ങനെയേ ചെയ്യാനാകൂ. ഭക്തിപരിവേഷമണിയുന്നവര്‍ക്ക് പ്രത്യേക അജണ്ടയും താത്പര്യങ്ങളും ഉണ്ടാകും. അവര്‍ ഭക്തജന സംഗമം തടയാന്‍ എല്ലാ പരിശ്രമങ്ങളും നടത്തിനോക്കി. പക്ഷേ വിജയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അവരുടെ സ്വഭാവം ഭഗവദ്ഗീത തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുകയുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി ഭഗവദ് ഗീതയില്‍നിന്നുള്ള ശ്ലോകങ്ങള്‍ ഉദ്ധരിച്ചു.
ഭക്തിയുള്ളവരുടെ സംഗമമാണ് ഇത്. ഗീതയിലെ ഭക്തിസങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സംഗമം. മതനിരപേക്ഷമൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. എല്ലാവരും ഒന്നാണെന്ന ബോധം തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം.ലോകത്ത് എവിടെനിന്നുമുള്ള അയ്യപ്പഭക്തര്‍ക്കും ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധവെക്കുമ്പോള്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാകാം. അത് ശബരിമലയുടെയും ഭക്തരുടെയും താത്പര്യത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.