ദില്ലി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ സ്ഥാനമൊഴിയുകയാണെങ്കിൽ ബിനോയ് വിശ്വം ആ സ്ഥാനത്തേക്കു വരണമെന്ന് ചില കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തന്റെ നിലപാട് അദ്ദേഹം അവരെ അറിയിച്ചതായാണ് വിവരം. അതേസമയം, ഡി. രാജ തന്നെ സ്ഥാനത്ത് തുടരണോ എന്ന കാര്യവും അദ്ദേഹത്തിന് പകരം ആര് എന്നതും പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. നിലവിൽ, അമർജിത് കൗറിൻ്റെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.