ഗാസ സിറ്റി: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടന്ന ബോംബ് വര്‍ഷത്തില്‍ വിറച്ച് ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു, അതിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ക്കാണ് ഇസ്രായേലി സൈന്യം ഗാസ നഗരത്തെ വിധേയമാക്കിയത്. ഇതോടെ ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തില്‍ ആയിരക്കണക്കിന് ഗാസക്കാർ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭയുടെ തലവന്‍ ഈ ആക്രമണത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്. തകര്‍ന്ന നഗരത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന പശ്ചാത്തലത്തില്‍, വീട്ടുപകരണങ്ങള്‍ കയറ്റിയ വാനുകളും കഴുതവണ്ടികളും തങ്ങളുടെ അവസാന സമ്പാദ്യങ്ങളും ചുമന്ന് കാല്‍നടയായി പോകുന്ന ആളുകളും തീരദേശമായ അല്‍-റഷീദ് സ്ട്രീറ്റിലൂടെ നീങ്ങുകയാണ്.
‘ഗാസ കത്തുകയാണ്,’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.ആക്രമണത്തെ തുടര്‍ന്ന് ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കുടുങ്ങിക്കിടക്കുന്ന ബന്ധുക്കളെ കണ്ടെത്താന്‍ കുടുംബങ്ങള്‍ വെറും കൈകൊണ്ട് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുകയാണെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം ആരംഭിച്ചതുമുതല്‍ ചുരുങ്ങിയത് 106 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും അവരില്‍ 91 പേര്‍ ഗാസ സിറ്റിയില്‍ മാത്രമാണെന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മുഴുവന്‍ പാര്‍പ്പിട സമുച്ചയങ്ങളും നിലംപരിശാക്കപ്പെട്ട ദരാജ് മേഖലയിലുണ്ടായ ബോംബാക്രമണത്തില്‍ മാത്രം 20 പേരാണ് കൊല്ലപ്പെട്ടതെന്നാണ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചത്.