പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ ദമ്പതികളുടെ പീഡനത്തിനു കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. നേരത്തെ കണ്ടെത്തിയ യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിൻ്റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ ഈ കേസിൽ നിർണായകമാണ്.
ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരൻ, റാന്നി സ്വദേശിയായ 30 കാരൻ, എന്നിവരെ ജയേഷും ഭാര്യ രശ്മിയും അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ രണ്ടുപേരുടെ പരാതിയാണ് നിലവിൽ പോലീസിന്റെ മുന്നിലെത്തിയത്. എന്നാൽ മറ്റ് രണ്ടുപേരും സമാനരീതിയിൽ കോയിപ്രത്തെ വീട്ടിൽ വച്ച് അതിക്രൂരമർദ്ദനത്തിന് ഇരയായോ എന്ന സംശയം പോലീസിനുണ്ട്. പക്ഷെ നിലവിലെ പരാതിക്കാർ തന്നെ പോലീസിനോട് ആദ്യഘട്ടത്തിൽ മൊഴി നൽകാൻ സഹകരിച്ചിരുന്നില്ല. അറസ്റ്റിലായ രശ്മിയുടെ ഫോണിൽ അഞ്ചു വീഡിയോ ക്ലിപ്പുകൾ ആറന്മുള പോലീസ് വീണ്ടെടുത്തിരുന്നു. അതിൽ നിന്നാണ് രണ്ട് യുവാക്കളുടെ മർദ്ദന ദൃശ്യങ്ങൾ കിട്ടിയത്.
കൂടാതെ മുഖ്യപ്രതിയായ ജയേഷിന്റെ ഫോണിൽ ഒരു രഹസ്യ ഫോൾഡർ ഉണ്ട്. അതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സൈബർ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം ശ്രമം തുടങ്ങി. ആ ഫോണിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ കേസിന്റെ സ്വഭാവം തന്നെ മാറും. സാമ്പത്തിക ലാഭത്തിനായുള്ള ഹണി ട്രാപ്പ്, ആഭിചാരം, അവിഹിതം അങ്ങനെ പല കഥകളും കേൾക്കുന്ന കേസിൽ കുറ്റകൃത്യത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്.
നാരത്തെ ഭാര്യ രശ്മിയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സുഹൃത്തുക്കളെ വീട്ടിൽ കെണി ഒരുക്കി ജയേഷ് മർദ്ദിച്ചു എന്നായിരുന്നു പോലീസ് നിഗമനം. അതേസമയം മർദ്ദന കേസിലെ കൂടുതൽ സംശയങ്ങൾ നീക്കാൻ പരാതിക്കാരായ യുവാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോയിപ്രം പോലീസ് നാളെ അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലും ശാസ്ത്രീയ അന്വേഷണവും കേസിലെ ദുരൂഹത നീക്കുമെന്ന് പോലീസ് പറയുന്നു.