ന്യൂഡൽഹി: എന്നാണ് അയ്യപ്പസംഗമം? എന്താണ് പ്രശ്നമെന്ന് അഭിഭാഷകനോട് സുപ്രിം കോടതിയുടെ ചോദ്യം. പമ്പയിൽ നടക്കാൻപോകുന്ന ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസഹർജിയും ഫയൽചെയ്തു.
ഇതിനിടെയാണു അയ്യപ്പസംഗമം എന്നാണെന്നും എന്താണെന്നും അഭിഭാഷകനോട് കോടതി ആരാഞ്ഞത്. പരിസ്ഥിതിലോല മേഖലയായ പമ്പാ നദിയുടെ തീരത്താണ് സംഗമം നടക്കുന്നതെന്നും ദേശിയ ഹരിത ട്രിബ്യുണൽ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും അഭിഭാഷകൻ വിഷ്ണു ശങ്കർ കോടതിയിൽ പറഞ്ഞു. മാത്രമല്ല ദേവസ്വം ബോർഡ് ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമായി ചർച്ചനടത്തി. നാല്പത്തഞ്ച് സെക്കൻഡോളം നീണ്ടുനിന്ന ഈ ചർച്ചയ്ക്ക് ശേഷമാണ് ഹർജി ബുധനാഴ്ച്ച കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ പി.എസ്. സുധീറാണ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തത്. കൂടാതെ ആഗോള അയ്യപ്പസംഗമത്തിനെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ പിന്തുണയ്ക്കും. എന്നാൽ, സർക്കാർ തടസ്സഹർജി നൽകാൻ ഇടയില്ലെന്നാണ് സൂചന.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഡോ. പി.എസ്. മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ എം.എസ്. വിഷ്ണു ശങ്കറാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ്മാരായ കെ. വിനോദ് ചന്ദ്രൻ, എ.എസ്. ചന്ദുർകർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിച്ചത്.