ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ അടിമുടി മാറ്റം. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും അതുവഴി യുപിഐയുടെ ഉപയോഗം കൂട്ടുകയെന്ന ലക്ഷ്യവുമായാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുതിയ നടപടിക്ക് തുടക്കമിട്ടത്. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ പണപിടപാടിന്റെ പരിധി വൻതോതിൽ ഉയർത്തി. എന്നാൽ വ്യക്തികൾ തമ്മിലുള്ള പണമിടപാടിന്റെ പരിധി മുൻപ് ഉണ്ടായിരുന്നതുപോലെ മാറ്റമില്ലാതെ തുടരും.
ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പേയ്മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി 5 ലക്ഷം രൂപവരെ അയക്കാമെന്നതാണ് സുപ്രധാന മാത്രം. നിലവിലെ പരിധി 2 ലക്ഷം രൂപയായിരുന്നു. എന്നാൽ ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപയാക്കി. അതുപോലെ നികുതി, ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് പേയ്മെന്റ് പരിധി ഒരുലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമാക്കി.
യാത്രാ ബുക്കിങ്ങിന് നേരത്തെ ഒരുലക്ഷം രൂപയായിരുന്നെങ്കിൽ ഇനി മുതൽ പരിധി നിന്നുയർത്തി ഇനി 5 ലക്ഷം രൂപയാക്കി. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ അയയ്ക്കാം. അതുപോലെ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാൻ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപവരെ അയ്ക്കാം. പ്രിതിദിന പരിധി 6 ലക്ഷം. വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ 5 ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷം.
മറ്റൊരു സുപ്രധാന മാറ്റം സ്വർണം ഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങാൻ യുപിഐ വഴി പ്രതിദിനം 6 ലക്ഷം രൂപവരെ അയക്കാം എന്ന രീതിയിവേക്കു മാറ്റിയിട്ടുണ്ട്. നിലവിൽ 5 ലക്ഷമായിരുന്നു. ഒറ്റ പേയ്മെന്റിൽ ഇനി പരിധി 2 ലക്ഷം രൂപ. ഇന്നലെവരെ ഇതു ഒരുലക്ഷം രൂപയായിരുന്നു ഇത്.
ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടിൽ 2 ലക്ഷം രൂപയായിരുന്നത് 5 ലക്ഷം രൂപയാക്കി. ഫോറിൻ എക്സ്ചേഞ്ച് പേയ്മെന്റുകളുടെ പരിധി 5 ലക്ഷം രൂപ. എന്നാൽ വ്യക്തികൾ പരസ്പരം യുപിഐ വഴി ഒരുദിവസം കൈമാറാവുന്ന തുകയുടെ പരിധിയിൽ മാറ്റമില്ല, അത് ഒരുലക്ഷം രൂപയായി തുടരും. അതുപോലെ ഡിജിറ്റലായി അക്കൗണ്ടുകൾ തുറക്കാനുള്ള പ്രതിദിന പേയ്മെന്റ് പരിധി രണ്ടുലക്ഷം രൂപയിലും തുടരും. എന്നാൽ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഒരുദിവസം അയയ്ക്കാവുന്ന തുകയ്ക്ക് പരിധിയില്ല. പക്ഷെ, ഒറ്റ ഇടപാടിൽ പരമാവധി 5 ലക്ഷം രൂപയേ അയ്ക്കാനാകൂ.