ന്യൂഡൽഹി: വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിൽ മാത്രമാണ് സ്റ്റേ അനുവദിക്കാൻ കോടതി തയാറായത്. 5 വർഷത്തോളം ഇസ്‍ലാം മതവിശ്വാസം പിന്തുടരുന്നവർക്കു മാത്രമേ വഖഫ് നൽകാൻ കഴിയൂ എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്.
വഖഫ് ബോർഡിൽ മുസ്‍ലിങ്ങളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു. നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരം തർക്ക പ്രദേശങ്ങളിൽ കലക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ അതുടൻ വഖഫ് ഭൂമി അല്ലാതാവും എന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണു ഹർജിക്കാർ വാദിച്ചത്.
ഒപ്പം മുസ്‌ലിം സമുദായത്തെ രാജ്യത്തു വേർതിരിച്ചു കാണുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും വാദത്തിന്റെ അവസാന ഘട്ടത്തിൽ ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യവസ്ഥകൾ മറ്റു മതങ്ങളുടെ കാര്യത്തിൽ ഇല്ലെന്നും ഇക്കാര്യത്തിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും ഹർജിക്കാർ ഉന്നയിച്ചു. എന്നാൽ ഹർജിക്കാരുടെ വാദത്തെ പ്രതിരോധിച്ച കേന്ദ്രം ‘വഖഫ് ബൈ യൂസർ’ സ്വത്തുക്കളിലുള്ള അവകാശം സർക്കാരിനു തിരിച്ചെടുക്കാൻ കഴിയുമെന്നാണ് വാദിച്ചത്.