സനാ: ഖത്തർ ആക്രമണത്തിനു പിന്നാലെ യെമെനിലും ഇസ്രയേലിന്റെ ആക്രമണം. യെമെൻ തലസ്ഥാനമായ സനായിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. ഇപ്പോൾ പുറത്തുവന്നത് പ്രാഥമിക കണക്ക് മാത്രമാണെന്നും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സനായിലെ അൽ-തഹ്രീർ പരിസരത്തെ വീടുകൾ, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കൽ സ്ഥാപനം, അൽ-ജൗഫിന്റെ തലസ്ഥാനമായ അൽ-ഹസ്മിലെ ഒരു സർക്കാർ കോമ്പൗണ്ട് എന്നിവയുൾപ്പെടെ സാധാരണക്കാർ താമസിക്കുന്ന ജനവാസ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. അതുപോലെ ഹൂതി നിയന്ത്രണത്തിലുള്ള അൽ മസിറ ടിവി റിപ്പോർട്ട് പ്രകാരം, സനായുടെ തെക്കുപടിഞ്ഞാറുള്ള ആരോഗ്യമേഖലയിലെ ഒരു മെഡിക്കൽ സ്ഥാപനത്തിനുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്. തലസ്ഥാനമായ സനായിലെ പവർപ്ലാന്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവയ്ക്ക് ഉൾപ്പെടെ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
അതേസമയം ബോംബാക്രമണം നടത്തിയത് യെമെൻ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നാണെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ജെറ്റുകൾക്കുനേരെ തങ്ങളുടെ ഭൂതല-വ്യോമ മിസൈലുകൾ ഉപയോഗിച്ചെന്നും ഇതോടെ ചില ഇസ്രയേൽ ജെറ്റുകൾ ആക്രമണം നടത്താതെ മടങ്ങിയെന്നും ഹൂതി സൈനികവക്താവ് യഹ്യ സരീ പറഞ്ഞു. ഇസ്രയേലിന് നേരെ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണ് യെമെനിലെ ആക്രമണമെന്ന് ഐഡിഎഫ് പ്രതികരിച്ചു.