ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടര്‍മാരെ വീണ്ടും പരിശോധിക്കുന്നതിനുള്ള ‘സാധുവായ’ 11 രേഖകളുടെ പട്ടികയില്‍ ആധാര്‍ കാര്‍ഡും ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച നടന്ന ‘പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍’ കേസിലാണ് കോടതിയുടെ ഈ ഉത്തരവ്.
തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച രാവിലെ കോടതിയില്‍ നടന്ന വാദത്തിനിടെ ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയമല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച്, ഇലക്ടറല്‍ റോളിന്റെ ഭാഗമാകാനോ അതില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായി 12-ാമത്തെ രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് വാക്കാല്‍ ഉത്തരവിട്ടു.
കരട് വോട്ടര്‍ പട്ടികയിലുള്ള 7.24 കോടി വോട്ടര്‍മാരില്‍ 99.6 ശതമാനം പേരും ഇതിനകം രേഖകള്‍ സമര്‍പ്പിച്ചെന്നും, ഇപ്പോള്‍ ആധാര്‍ ഉള്‍പ്പെടുത്തുന്നത്‌കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുടെ വാദം കോടതി തള്ളി.
ആധാര്‍ വ്യാജമായി നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തിരിച്ചറിയല്‍ രേഖയായി ഇത് അനുയോജ്യമല്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ എതിര്‍പ്പ് പരിഗണിച്ച്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ‘കാര്‍ഡിന്റെ ആധികാരികത പരിശോധിക്കാമെന്നും’, എന്നാല്‍ ഇത് പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.