തൃശൂർ: കുന്നംകുളം പോലീസ് കസ്റ്റഡി മർദനത്തിൽ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.
പോലീസ് സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. അതേസമയം കുന്നംകുളത്തെ പോലീസ് മർദനത്തിൽ രണ്ടരവർഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്‌കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മർദിച്ച എസ്ഐ ഉൾപ്പെടെയുള്ള നാലു പോലീസുകാരെ ഇന്നലെ സസ്പെൻഡ് ചെയ്തു. കസ്റ്റഡി മർദനത്തിന്റെ ക്രൂര സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് പ്രതിഷേധം കടുത്തപ്പോഴാണ് ആഭ്യന്തരവകുപ്പ് സംഭവത്തിൽ നടപടിയെടുത്തത്.
നേരത്തേ സ്ഥലം വമാറ്റത്തിലും ഇൻക്രിമെന്റ് തടയലിലും മാത്രമൊതുങ്ങിയ കേസ് പുനപരിശോധിക്കാനും ഉത്തരമേഖലാ ഐജി രാജ്പാൽ മീണ ഉത്തരവിട്ടു. വകുപ്പുതലനടപടിമാത്രം നേരിട്ട പോലീസുകാരുടെ പേരിൽ മജിസ്ട്രേറ്റ് കോടതി ഇടപെട്ടതോടെയാണ് കേസെടുത്തത്. സുജിത്തിനെ മർദിച്ച എസ്ഐ നൂഹ്‌മാൻ (നിലവിൽ വിയ്യൂർ സ്റ്റേഷൻ), സീനിയർ സിപിഒ. ശശിധരൻ (നിലവിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ്), സിപിഒമാരായ സജീവൻ (നിലവിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ്), സന്ദീപ് (നിലവിൽ മണ്ണുത്തി) എന്നിവരെയാണ് ഇന്നലെ ഐജി സസ്പെൻഡ് ചെയ്തത്. അതേസമയം സസ്‌പെൻഷനല്ല, അവരെ പിരിച്ചുവിടണമെന്നാണ് മർദ്ദനത്തിന് ഇരയായ സുജിത് ആവശ്യപ്പെടുന്നത്.