ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് എത്രയും പെട്ടെന്ന് ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രയേൽ സേന. അൽ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു.
പക്ഷെ പുതിയ ആക്രമണം എപ്പോൾ നടക്കുമെന്നോ, ഏതുതരത്തിൽ നടക്കുമെന്നോ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിർത്താൻ ഇത് മുൻകൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയിൽ ഭക്ഷണം, മരുന്ന്, ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രികൾ, ജല പൈപ്പ്‌ലൈനുകൾ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാൽ വൻ ദുരന്തം ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസ സിറ്റിയിലും പരിസരത്തുമായി പത്തു ലക്ഷത്തോളം ആളുകളുണ്ട്.
ഇതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ ലോകരാഷ്ട്രങ്ങളുടെ സമ്മർദം ഏറുകയാണ്. ഹമാസ് ഓഗസ്റ്റിൽ ഒരു വെടിനിർത്തൽ നിർദേശത്തിന് സമ്മതിച്ചിരുന്നു. താത്കാലിക വെടിനിർത്തലും ഗാസയിൽ ബന്ദികളാക്കിയവരെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നതും ധാരണയായിരുന്നു. എന്നാൽ, എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്നും ആയുധങ്ങൾ ഉപേക്ഷിക്കണമെന്നതുമാണ് ഇസ്രയേലിന്റെ ആവശ്യം.