കോഴിക്കോട്: കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെപ്പേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച് ലോറിയുടമയും യൂട്യൂബറുമായ മനാഫ്. അവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തൻറെ ആവശ്യം. ഒരുപക്ഷേ താൻ അറസ്റ്റിലായേക്കാം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനാഫ് പറഞ്ഞു.
ഇക്കാരണത്താൽ സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പോലീസ് കമ്മിഷണറെ കണ്ടെന്നും പോലീസ് സംരക്ഷണം നൽകുമെന്ന് കമ്മിഷണർ അറിയിച്ചെന്നും മനാഫ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച പോകുമെന്നും മനാഫ് അറിയിച്ചു.
ചോദ്യം ജയിലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മനാഫിന് നോട്ടിസ് നൽകിയിരുന്നു. ർമസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണത്തിൽ മനാഫ് ഒട്ടേറെ വീഡിയോകൾ യുട്യൂബിൽ പങ്കുവച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരിൽ അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേർന്നാണ് മനാഫ് വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത്. വെളിപ്പെടുത്തലുകൾ വ്യാജമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മനാഫ് ഒളിവിൽപ്പോയെന്നു വാർത്തകൾ വന്നെങ്കിലും മനാഫ് ഇതു തള്ളി. ധർമസ്ഥലയിലെ സംഭവം മലയാളികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മനാഫ് വിശദീകരിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഉടമയാണ് മനാഫ്.
മനാഫിൻറെ വാക്കുകൾ ഇങ്ങനെ: ധർമസ്ഥലയിൽ സത്യസന്ധമായ നിരവധി കാര്യങ്ങൾ നടന്നിട്ടുണ്ട്. കൊല്ലപ്പെട്ടത് തൻറെ മകൾ അല്ലെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും പറഞ്ഞ സുജാത ഭട്ടിനെ നേരിട്ട് അറിയാമെന്നും അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നതെന്നും മനാഫ് പറയുന്നു. പത്മലത, വേദവല്ലി, സൗജന്യ, അങ്ങനെ കൊല്ലപ്പെട്ട സ്ത്രീകളുടെ പട്ടിക നീളുകയാണ്. സുജാത ഭട്ടിൻറെ പുതിയ മൊഴിയിലെ കാര്യങ്ങളുടെ യഥാർഥ അവസ്ഥ അറിയില്ല. അവരുടെ കണ്ണിൽ നോക്കുമ്പോൾ ആ വാക്കുകളിൽ സത്യമുണ്ടെന്നായിരുന്നു തോന്നിയത്. എനിക്കും അമ്മയുള്ളതല്ലേ. അവർ കള്ളിയാണെന്ന് പ്രത്യക അന്വേഷണ സംഘം പോലും പറഞ്ഞിട്ടില്ല.
അവരുടെ തലയിൽ വി കട്ട് ആയി ഒരു വലിയ പരുക്കുണ്ട്. തലയ്ക്കടിച്ച് ബോധം കെടുത്തിയെന്ന അവരുടെ വാക്ക് ശരിവയ്ക്കുന്നതാണത്. അനന്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നു എസ്ഐടി ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. ശുചീകരണത്തൊഴിലാളിയാണ് മലയാളികളെയും താൻ കുഴിച്ചിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കേരള സാരി ഉടുത്ത സ്ത്രീകളുടെ മൃതദേഹം മറവുചെയ്തിട്ടുണ്ടെന്നായിരുന്നു അയാൾ വെളിപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ ബന്ധുക്കൾക്ക് നീതി വേണമെന്നില്ല. അതെല്ലാം പൊല്ലാപ്പാകുമെന്നും ഇത്രയും വർഷങ്ങൾ ആയില്ലേ എന്നുമാണ് അവരെ ബന്ധപ്പെട്ടപ്പോൾ കാരണമായി പറഞ്ഞു’.
അതേസമയം ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഇതിനിടെ സുജാത ഭട്ട് വെളിപ്പെടുത്തലുമായി എത്തിയതോടെയാണ് ആരോപണങ്ങൾക്കു മറ്റൊരു മാനം കൈവന്നത്. 2003ൽ തന്റെ മകളെ ധർമസ്ഥലയിൽ കാണാതായി എന്നായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് ആരോപണങ്ങൾ തെറ്റായിരുന്നു എന്ന് അവർ തുറന്നു പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കങ്ങളെ തുടർന്നാണ് താൻ കള്ളപ്പരാതി നൽകിയതെന്നും അനന്യയെന്ന മകൾ തനിക്കില്ലെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
അതേസമയം ചിന്നയ്യയിൽനിന്നും സുജാത ഭട്ടിൽനിന്നും കേസിൽ ഇവർ നടത്തിയ ഇടപെടലുകളെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ കേന്ദ്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് എസ്ഐടി മനാഫിന് നോട്ടിസ് നൽകിയത്. ധർമസ്ഥലയിൽ നേരിട്ട് എത്തിയ മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽനിന്നു തേടും.