ചെന്നൈ: റേഷൻ കാർഡിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയർകുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥൻ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് റജിസ്റ്റർ ചെയ്യാൻ ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് സംഭവം.
റേഷൻ കാർഡിൽ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയർ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുൻപ് സേവന കേന്ദ്രം വഴി കാർഡിൽ നിന്നു നീക്കിയിരുന്നു. തുടർന്നു പുതിയ കാർഡ് എത്തും മുൻപ് താൽക്കാലിക ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുകയായിരുന്നു.
ബിയർ കുപ്പിയുടെ ചിത്രമുള്ള റേഷൻ കാർഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോർഡും കൈമലർത്തി. അതോടെ, രജിസ്ട്രേഷനും മുടങ്ങി. സംഭവത്തിൽ അധികൃതർക്കു പരാതി നൽകിയതായി തങ്കവേൽ പറഞ്ഞു.