വാഷിങ്ടൻ: പ്രതിരോധവകുപ്പിനെ ‘യുദ്ധവകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ വകുപ്പ് എന്ന പേര് തനിക്ക് അത്ര നല്ലതായി തോന്നിയില്ലെന്നും എന്താണ് പ്രതിരോധമെന്നും ഡോണൾഡ് ട്രംപ് ചോദിച്ചു. മുൻപ് ഈ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാണ് വിളിച്ചിരുന്നതെന്ന് ഓർമിപ്പിച്ച ട്രംപ്, രണ്ട് ലോകമഹായുദ്ധ കാലത്തും ഈ രീതിയാണു തുടർന്നിരുന്നതെന്നും വ്യക്തമാക്കി. യുഎസിന്റെ ചരിത്രപരമായ സൈനിക വിജയങ്ങളെ ഓർമിപ്പിച്ചാണ് ട്രംപിന്റെ നീക്കം.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ-
‘‘എനിക്ക് പ്രതിരോധത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ താൽപ്പര്യമില്ല. നമുക്ക് ഇടയ്ക്ക് ആക്രമണവും വേണം. ആ വകുപ്പിനെ പഴയതുപോലെ മാറ്റാൻ ആഗ്രഹിക്കുന്നു. നമ്മൾ എപ്പോഴും യുദ്ധങ്ങൾ ജയിച്ചിരുന്നു.അതുകൊണ്ടുതന്നെ ഞാൻ അത് ഉടൻ ചെയ്യും. കോൺഗ്രസിൽ തീരുമാനത്തിന് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്തുണച്ചില്ലെങ്കിലും കുഴപ്പമില്ല’’ – ട്രംപ് പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല ട്രംപ് പ്രതിരോധ വകുപ്പിന്റെ പേര് മാറ്റാനുള്ള തന്റെ ഉദ്ദേശ്യം തുറന്നുപറയുന്നത്. ജൂണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, പേറ്റ് ഹെഗ്‌സെത്തിനെ തന്റെ ‘യുദ്ധ സെക്രട്ടറി’ എന്ന് ട്രംപ് പരാമർശിച്ചിരുന്നു.
1789-ൽ, ഒന്നാം യുഎസ് പ്രസിഡന്റിനെ സഹായിക്കുന്നതിനായി മൂന്ന് വകുപ്പുകളാണ് രൂപീകരിച്ചത്. വിദേശകാര്യ വകുപ്പ് (നിലവിൽ സ്റ്റേറ്റ് വകുപ്പ്), ട്രഷറി വകുപ്പ്, യുദ്ധ വകുപ്പ് (നിലവിൽ പ്രതിരോധ വകുപ്പ്) എന്നിവയായിരുന്നു അവ. 1794-ൽ, നാവികസേനയുടെ ഒരു പ്രത്യേക വകുപ്പ് കൂടി സ്ഥാപിച്ചു. എന്നാൽ 1947-ൽ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ട്രൂമാൻ ഭരണകൂടം 1947-ലെ ദേശീയ സുരക്ഷാ നിയമപ്രകാരം കരസേന, നാവികസേന വകുപ്പുകളും പുതുതായി സൃഷ്ടിച്ച വ്യോമസേന വകുപ്പും ലയിപ്പിച്ച് ‘നാഷനൽ മിലിട്ടറി എസ്റ്റാബ്ലിഷ്‌മെന്റ്’ എന്ന് നാമകരണം ചെയ്തു. 1949–ൽ നാഷനൽ മിലിട്ടറി എസ്റ്റാബ്ലിഷ്‌മെന്റിനെ പ്രതിരോധ വകുപ്പ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.