തൃശ്ശൂർ: തൃശ്ശൂർ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളിൽ പിക്കപ്പ് വാനിന് പിറകിൽ മറ്റൊരു വാഹനമിടിച്ച് അപകടം. വാഹനത്തിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. പുലർച്ചെ 3.30നാണ് അപകടം ഉണ്ടായത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളിലാണ് അപകടം. തമിഴ്നാട് മേട്ടുപാളയത്തിൽ നിന്ന് തേങ്ങ കയറ്റി എറണാകുളത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
വാനിന്റെ പിറകുവശത്തെ ടയർ പഞ്ചറായതിനെ തുടർന്ന് സ്പീഡ് ട്രാക്കിൽ വാഹനം നിർത്തി ഡ്രൈവർ ജാക്കി എടുക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു വാഹനം പിറകിലൂടെ ഇടിച്ചു കയറിയത്. നാഗപട്ടണത്തു നിന്നും വാടാനപ്പിള്ളിയിലേക്ക് ചെമ്മീൻ കയറ്റി വരികയായിരുന്നു പിക്കപ്പ് വാൻ ആണ് ഇടിച്ചു കയറിയത്. പിറകിൽ ഇടിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് ഒരു മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സും പീച്ചി പൊലീസും ഹൈവേ റിക്കവറി വിഭാഗത്തിന്റെ ക്രെയിനും എത്തി ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവർ നാഗപട്ടണം സ്വദേശി ചന്ദ്രകുമാറിനെ തൃശ്ശൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.