കീവ്: സമാധാന ചർച്ചകൾ ഒരു വശത്തു നടക്കുന്നതിനിടെ യുക്രൈയിനിൽ മണിക്കൂറുകൾക്കിടെയിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. റഷ്യ നടത്തിയത് 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമെന്ന് യുക്രൈൻ അറിയിച്ചു. പടിഞ്ഞാറൻ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാൻസ്കാർപാത്തിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
അതേസമയം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു. നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചർച്ച നടത്താൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡൻറ് വോളഡിമീർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് റഷ്യ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മാത്രമല്ല ചർച്ചയിൽ പുടിൻ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നൽകാതെയുള്ള പ്രതികരണങ്ങളാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. കൂടാതെ പ്രതിനിധി തല ചർച്ചകൾ മതിയെന്നാണ് റഷ്യയുടെ നിലപാടെന്നാണ് സൂചന. പുടിൻ സെലൻസ്കിയുമായി ചർച്ച നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പരോക്ഷമായി പറഞ്ഞത്. യുക്രൈൻ, റഷ്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയ ഇടത്തിന്റെയും അവിഭാജ്യ ഭാഗമാണ്. റഷ്യയിൽ നിന്നുള്ള വേർപിരിയൽ ഒരു ചരിത്രപരമായ തെറ്റാണ്. യുക്രൈൻ പ്രസിഡൻറിന് പരാജയം സമ്മതിക്കേണ്ടി വരും. സെലൻസ്‌കി ഒരു നാസിയാണ്. എന്തിനാണ് അദ്ദേഹവുമായി ചർച്ച നടത്തേണ്ടത്. ഉദ്യോഗസ്ഥ ചർച്ചകൾ അതീവ ശ്രദ്ധയോടെ നടക്കണമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം നയം വ്യക്തമാക്കിയത്.
അലാസ്കയിൽ നടന്ന വ്ലാദിമിർ പുടിൻ – ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സെലൻസ്കി, യുക്രൈൻ – യു എസ് – റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന നിർദ്ദേശത്തെ അംഗീകരിച്ചത്. താൽക്കാലിക വെടിനിർത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് തൻറെ ശ്രമമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെ യുക്രൈനുള്ള സുരക്ഷാ ഉറപ്പ് ചർച്ച ചെയ്യാൻ നേറ്റോ സൈനിക മേധാവികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. എന്നാൽ റഷ്യയില്ലാത്ത ഇത്തരം ചർച്ചകൾ ഒരു ഫലവും കാണില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി.