രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതിയതായി വായ്പയെടുക്കുന്നവര്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. 2025 ഫെബ്രുവരി മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. ഇത് ഭവന വായ്പകളടക്കമുള്ളവയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. എന്നാല്‍, നിലവില്‍ കൂടുതല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് ആര്‍ബിഐ സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ബിഐയുടെ നിരക്ക് വര്‍ധന
ഭവനവായ്പ പലിശ നിരക്ക്
പുതിയ വായ്പകള്‍ക്ക് എസ്ബിഐ ഉയര്‍ന്ന പലിശ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ച് 8.70% ആക്കി. നേരത്തെ ഇത് 8.45% ആയിരുന്നു. അതേസമയം, കുറഞ്ഞ പലിശ നിരക്ക് 7.50% ആയി തുടരുന്നു. അതായത്, ഇനി പുതിയ വായ്പക്കാര്‍ അവരുടെ ക്രെഡിറ്റ് പ്രൊഫൈലും വായ്പ തുകയും അനുസരിച്ച് 7.50% മുതല്‍ 8.70% വരെ പലിശ നല്‍കേണ്ടിവരും.
മറ്റ് പ്രമുഖ ബാങ്കുകളുടെ നിരക്കുകള്‍
ബാങ്ക് ഓഫ് ബറോഡ : 7.45% മുതല്‍ 9.20% വരെ. വായ്പ തുക, സിബില്‍ സ്‌കോര്‍, ക്രെഡിറ്റ് ഇന്‍ഷുറന്‍സ് കവര്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് : ഭവനവായ്പ പലിശ നിരക്ക് 7.45% മുതല്‍ ആരംഭിക്കുന്നു. തുക, കാലാവധി എന്നിവയനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകും.
കാനറ ബാങ്ക്: 7.40% മുതല്‍ 10.25% വരെ.
എച്ച്ഡിഎഫ്‌സി ബാങ്ക്: 7.90% മുതല്‍ ആരംഭിക്കുന്നു.
ഐസിഐസിഐ ബാങ്ക്: പലിശ നിരക്ക് 7.70% മുതല്‍ ആരംഭിക്കുന്നു, എന്നാല്‍ വായ്പ തുകയും കസ്റ്റമര്‍ പ്രൊഫൈലും അനുസരിച്ച് 8.75% മുതല്‍ 9.80% വരെയാകാം.
കൊട്ടക് മഹീന്ദ്ര ബാങ്ക്: പലിശ നിരക്ക് 7.99% മുതല്‍ ആരംഭിക്കുന്നു. ഫ്‌ലോട്ടിംഗ് നിരക്കില്‍ നിന്ന് ഫിക്‌സഡ് നിരക്കിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് 12% വരെയാണ് നിരക്ക്.
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്:
പുതിയ ഭവന വായ്പയെടുക്കാന്‍ ആലോചിക്കുന്നവര്‍ വിവിധ ബാങ്കുകളുടെ നിരക്കുകള്‍ താരതമ്യം ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കുക.
കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നതിനായി സിബില്‍ സ്‌കോര്‍ ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുക.
നിലവിലെ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ബാങ്കില്‍ നിന്ന് മെച്ചപ്പെട്ട നിരക്ക് ലഭിക്കുന്നുണ്ടെങ്കില്‍ ബാലന്‍സ് ട്രാന്‍സ്ഫറിന് ശ്രമിക്കാവുന്നതാണ്