തിരുവനന്തപുരം: സിപിഎം കത്ത് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണ വിധേയനായ ആളെ എല്ലാവർക്കും അറിയാം. മദ്രാസിൽ ഒരു കമ്പനി ഉണ്ടാക്കി അതിലേക്ക് പണം സമാഹരിക്കുകയായിരുന്നു. ഹവാലയും റിവേഴ്സ് ഹവാലയും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.
ഉന്നയിച്ച പരാതി തള്ളി പറയാൻ പാർട്ടി ഇതവരെ തയ്യാറായിട്ടില്ല. പരാതി പാർട്ടിക്ക് മുൻപിലുണ്ട് എന്നത് സത്യമാണ്. ഗുരുതരമായ സാമ്പത്തിക കുറ്റമാണിത്. അന്വേഷണം ഉണ്ടാകണം. സംസ്ഥാന വിജിലൻസിൻറെ പരിധിയിൽ നിൽക്കുമെന്ന് ഉറപ്പില്ല. എങ്കിലും സർക്കാർ അന്വേഷണത്തിന് തുടക്കം ഇടണമെന്നും വിഡി സതീശൻ പറഞ്ഞു.
അതിനിടെ സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തിൽ പ്രതികരണവുമായി ഷെർഷാദിൻ്റെ മുൻ ഭാര്യ രത്തീന രംഗത്ത് എത്തി. ഷെർഷാദിൻ്റെ വാദങ്ങൾ തള്ളിയാണ് മുൻ ഭാര്യയുടെ പ്രതികരണം. ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതാണെന്നും എംവി ഗോവിന്ദനും മകനുമായി തനിക്ക് പരിചയം ഇല്ലെന്നും രത്തീന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോഴാണ്. തോമസ് ഐസക് ഇടപെട്ട് സാവകാശം നൽകിയിട്ടും ഷെർഷാദ് പണം അടക്കാതെ മുങ്ങിയെന്നും രതീന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.