തിരുവനന്തപുരം: ചിങ്ങപ്പുലരിയിൽ സംസ്ഥാനമെങ്ങും വിവിധ കർഷക സംഘടനകളുടെ പ്രതിഷേധം നടന്നു. വയനാട്ടിലെ നെൽകർഷകർ ചിങ്ങം ഒന്ന് യാചകദിനമാക്കിയപ്പോൾ, പാലക്കാട് കെട്ടുതാലി പണയംവെച്ചുകൊണ്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം. കർഷകരോടുള്ള അവഗണനയ്ക്കെതിരെ കുട്ടനാട്ടിൽ കത്തോലിക്ക കോൺഗ്രസും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ണറിഞ്ഞ്, കാത്ത് പരിപാലിച്ചതൊക്കെ വിളവെടുത്ത് സന്തോഷം പകരേണ്ട ദിനത്തിൽ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുകയാണ് വയനാട്ടിലെ കർഷകർ. കർഷക ദിനം യാചകദിനമാക്കിയത് വയനാട് കണിയാമ്പറ്റയിലെ നെൽകർഷകരാണ്.
പാലക്കാട് വിവിധയിടങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളിൽ നൂറുകണക്കിന് നെൽകർഷകർ പങ്കെടുത്തു. കുഴൽമന്ദം കർഷക കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കൃഷി മന്ത്രിയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചു. പാലക്കാട് കോട്ടമൈതാനത്ത് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കെട്ടുതാലി പണയം വെച്ചായിരുന്നു പ്രതിഷേധം. കുട്ടനാട്ടിൽ കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടനും കർഷകനുമായ കൃഷ്ണ പ്രസാദ് പ്രതികരിച്ചു.
പാലക്കാട് കർഷകദിന പരിപാടിക്കെത്തിയ മന്ത്രി എം ബി രാജേഷിനെതിരെ കർഷകരുടെ പ്രതിഷേധം. തൃത്താല കപ്പൂരിലാണ് കറുപ്പ് മാസ്ക് അണിഞ്ഞെത്തിയ കർഷകർ പ്രതിഷേധിച്ചത്. വേദിയിലെത്തിയ മന്ത്രിക്കെതിരെ യുഡിഎഫ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി. എന്നാൽ പത്രത്തിൽ ഫോട്ടോ വരാനാണ് പ്രതിഷേധമെന്ന് എം.ബി.രാജേഷ് പരിഹസിച്ചത്.