പാറ്റ്ന: വോട്ടർ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം. ബിഹാറിലെ സസാറമിൽ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ യാത്ര സമാപിക്കും. യാത്രയിലുട നീളം കേന്ദ്രസർക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതൽ തുറന്ന് കാട്ടാനാണ് യാത്രയുടെ ലക്ഷ്യം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയിൽ അണിനിരക്കും.
അതേസമയം ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവർത്തിച്ചു. ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്ട്രയിൽ ചേർത്തു. ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല. കള്ള വോട്ടുകൾകൊണ്ടാണ് ബിജെപി ജയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളോ, മറ്റ് ഡിജിറ്റൽ തെളിവുകളോ കമ്മീഷൻ നൽകുന്നില്ല, ബിഹാർ ജനത വോട്ട് മോഷണം അനുവദിക്കില്ല. ബിഹാറിൽ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും, ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.