അരീക്കോട്∙ പൊതുപരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ച് കഴിച്ച 44 പേർക്കു ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകിട്ടത്തെ പരിപാടിയിൽ ചായയ്ക്കൊപ്പം വിതരണം ചെയ്ത സാൻവിച്ച് കഴിച്ചവർക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഛർദിയും അസ്വസ്ഥതയും അവുഭവപ്പെട്ട 41 പേരെ അരീക്കോട് ഗവ.താലൂക്ക് ആശുപത്രിയിലും മൂന്നു പേരെ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വൈകിട്ട് നാലു മുതൽ ആറുവരെയായിരുന്നു പരിപാടി നടത്തിയത്.
ഛർദിയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിൽ കൂടുതലും വിദ്യാർഥികളാണ്. പുറത്തുനിന്നു വാങ്ങിയതായിരുന്നു സാൻവിച്ച്. ബാക്കിവന്ന പലഹാരം വൊളന്റിയർമാരായ വിദ്യാർഥികൾക്കും നൽകിയിരുന്നു. രാത്രി വൈകിയും പല വിദ്യാർഥികളും ഇതു കഴിച്ചിരുന്നു. ഇവർക്കും വൈകിട്ടു കഴിച്ചവരിൽ ചിലർക്കുമാണു ഭക്ഷ്യവിഷബാധയേറ്റത്. ശക്തമായ ഛർദിയും തളർച്ചയും അനുഭവപ്പെട്ടവരാണു ചികിത്സ തേടിയത്. സാംപിളുകൾ മലപ്പുറത്തും കോഴിക്കോട്ടുമുള്ള ലാബുകളിലേക്ക് അയച്ചതായി താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.