തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനു പോകാനൊരുങ്ങുന്നതായി സൂചന. വിജിലൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. വിജിലൻസ് കോടതി ഉത്തരവ് വിജിലൻസ് മാന്വവലിന് വിരുദ്ധമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
മാത്രമല്ല വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാൽ അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ തന്നെയാണെന്നാണ് നിലപാട്. കൂടാതെ വിജിലൻസ് കോടതിയുടെ പരാമർശം മാറ്റിയില്ലെങ്കിൽ നിയമപ്രശ്നമുണ്ടാകുമെന്ന് വിജിലൻസും സർക്കാരിനെ അറിയിച്ചു. അപ്പീൽ പോകണമെന്നാണ് വിജിലൻസുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങൾ ചൂണ്ടികാണിക്കുന്നത്.