വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ്തന്നെ ചർച്ച മോശമാണെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ കൂടിക്കാഴ്ച നന്നായി മുന്നോട്ടുപോയാൽ സമീപഭാവിയിൽ തന്നെ സമാധാനമുണ്ടാകുമെന്നും അലാസ്കയിൽ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് പറഞ്ഞു.
ചർച്ചയ്ക്കു മുൻപുതന്നെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വന്തം കാര്യത്തിനു വേണ്ടിയല്ലെന്നും ട്രംപ് പറഞ്ഞു. ‘എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്. എനിക്കതിന്റെ ആവശ്യവുമില്ല. എന്റെ രാജ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനാണ് എനിക്ക് താൽപര്യം. പക്ഷേ ഞാനിത് ചെയ്യുന്നത് ഒട്ടേറെ ജീവനുകൾ രക്ഷിക്കാനാണ്. ധാരണയിലെത്തിയില്ലെങ്കിൽ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’–ട്രംപ് പറഞ്ഞു. അതേസമയം പുട്ടിനുമായുള്ള ചർച്ച ‘വളരെ നിർണായകം’ എന്ന് ട്രംപ് സമൂഹമായ ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക്, സിഐഎ ഡയറക്ടർ ജോൺ റാട്ക്ലിഫ് എന്നിവരുൾപ്പെടുന്നതാണ് ട്രംപിന്റെ സംഘം. അലാസ്കയിലെ ആങ്കറേജ് പട്ടണത്തിലുള്ള യുഎസിന്റെ ജോയിന്റ് എൽമെൻഡോർഫ് റിച്ചാർഡ്സൺ ബേസിലാണ് ട്രംപും വ്ലാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തുക.
അതേസമയം മൂന്നര വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാകും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കുക. യുക്രെയ്നുമായുള്ള യുദ്ധമാരംഭിച്ചതിനു ശേഷം ആദ്യമായാണ് പുടിൻ പടിഞ്ഞാറൻ മേഖല സന്ദർശിക്കുന്നത്. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷാസന്നാഹങ്ങളാണ് ആങ്കറേജിലെ സൈനിക താവളത്തിൽ ഒരുക്കിയിട്ടുള്ളത്. അതേപോലെ ഏവരും ആകാംഷയോടെയാണു ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.