കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) തിരഞ്ഞെടുപ്പിനുള്ള തന്റെ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെത്തുടർന്ന് സാന്ദ്ര തോമസ് ഫയൽ ചെയ്ത ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്ര തോമസിൻറെ ഹർജി തള്ളിയത്. ഇതോടെ സാന്ദ്രയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ല. നാളെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ്.
അതേസമയം വിധിയിൽ വേദനയും നിരാശയും ഉണ്ടെന്നും എന്നാൽ കോടതി തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. ഫിലിം ചേംബറിർ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറെ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
കെഎഫ്‌പിഎയുടെ ഭരണ പ്രക്രിയകളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, താൻ സമർപ്പിച്ച നാമനിർദേശപത്രിക നിരസിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും വരണാധികാരിയുടെ ദീർഘകാല കാലാവധിയെ ചോദ്യം ചെയ്തും കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹർജി ഫയൽ ചെയ്തത്.
കെഎഫ്‌പിഎയുടെ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിർദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. കെഎഫ്‌പിഎ ബൈലോകൾ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടുണ്ടെന്നും അതിനാൽ സംഘടനയുടെ തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടർന്നിട്ടുണ്ടെന്നും ഇത് കെഎഫ്‌പിഎയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര അവകാശപ്പെട്ടു
അതേസമയം സാന്ദ്ര തോമസിന്റെ ഹർജി നിലനിൽക്കില്ലെന്നു നേരത്തെ നടനും നിർമാതാവുമായ വിജയ് ബാബു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.