അതിരപ്പിള്ളി: അഷ്ടമിച്ചിറ മാരേക്കാട് എഎം എൽപി സ്കൂളിലെ അധ്യാപിക ലിപ്സിയുടെ (47) അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്. തിങ്കൾ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ലിപ്സിയുടെ മൃതദേഹം ചൊവ്വാഴ്ച വെറ്റിലപ്പാറ പ്ലാന്റേഷൻ ഒന്നാം ബ്ലോക്ക് പാൽ സംഭരണ കേന്ദ്രത്തിനു സമീപം ചാലക്കുടിപ്പുഴയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വദേശി ചക്കുങ്ങൽ രാജീവ്കുമാറിന്റെ ഭാര്യ ലിപ്സി തിങ്കൾ രാവിലെയാണ് വീട്ടിൽനിന്നു പോയത്. പിന്നെ മകളെ വിളിച്ച് ‘പട്ടുപാവാട തയ്ക്കാൻ അമ്മ സാരി വാങ്ങിയിട്ടുണ്ട്, പക്ഷെ എത്താൻ അൽപം വൈകും’ എന്നു മകളെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീടു വിളിച്ചിട്ടു ഫോൺ എടുത്തില്ല. വൈകിട്ടും തിരിച്ചെത്താതിരുന്നതോടെ ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ മൊബൈൽഫോൺ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്നു കണ്ടെത്തി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പിള്ളപ്പാറ റിസോർട്ട് പരിസരത്ത് ലിപ്‌സിയുടെ സ്കൂട്ടർ കണ്ടെത്തിയത്. പിന്നാലെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറച്ചു ദിവസമായി ചികിത്സയിലായിരുന്ന ലിപ്സി അതിനായി അവധിയിലായിരുന്നു. അഴീക്കോട് മേനോൻ ബസാർ ഉർക്കോലിൽ ശ്രീധരന്റെയും പങ്കജത്തിന്റെയും മകളാണ്. മകൾ. ഋതു.