തൃശൂർ: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കിൽ മാധ്യമ പ്രവർത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നൽകി അദ്ദേഹം കാറിൽ കയറി മടങ്ങി. രാവിലെ വന്ദേഭാരത് ട്രെയിനിൽ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി, അശ്വനി ആശുപത്രിയിൽ പ്രവർത്തകരെ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ സിപിഎം ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റെന്നു പറയപ്പെടുന്നവരാണ് അശ്വനിയിൽ ചികിത്സയിലുള്ളത്.
ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തെത്തിയ മന്ത്രി അവിടെവച്ചും മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നില്ല. രാവിലെ ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് റെയിൽവേ സ്‌റ്റേഷനിൽ ഒരുക്കിയത്.
കന്യാസ്ത്രീകളുടെ വീടു സന്ദർശിക്കുമോ, വോട്ടു ചേർത്തെന്ന ആരോപണങ്ങളിൽ എന്താണു പ്രതികരണം, ഛത്തീസ്ഗഡിലെ ആക്രമണങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണു മാധ്യമങ്ങൾ നടത്തിയത്. കഴിഞ്ഞ 17ന് ആണ് ഇവിടെയെത്താൻ ഇരുന്നത്. അഞ്ചു പ്രവർത്തകരെ കാണാനാണ് അദ്ദേഹം പെട്ടെന്നു സന്ദർശനത്തിനു തയാറായത്. ഇവിടെനിന്നു നേരിട്ടു കോതമംഗലത്തേക്കു പോകുമെന്നാണ് അറിയുന്നത്.
ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വേറെ തിരിച്ചറിയൽ കാർഡ് ലഭിച്ചതടക്കം വൻ വിവാദങ്ങളാണ് അടുത്തിടെ തൃശൂരിൽ ഉയർന്നിട്ടുള്ളത്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. എന്നാൽ രണ്ട് ഐഡി കാർഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാലാണെന്ന് കെ.ആർ ഷാജി മീഡിയ സ്വകാര്യ ചാനലിനോടു പറഞ്ഞു. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്നും എന്നാൽ വോട്ട് ചെയ്യാനായില്ലെന്നും ഷാജി പറഞ്ഞു.
രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐഡി കാർഡ് കണ്ടെത്തിയത്. തനിക്ക് എങ്ങനെ രണ്ട് കാർഡ് ലഭിച്ചു എന്നുള്ളത് എലെക്ഷൻ കമീഷനോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പർ ‘ജിവിക്യു 1037092’; തൃശൂരിലെ കാർഡ് എപ്പിക് നമ്പർ ‘ഐഡിസെഡ് 2317303’ എന്നിങ്ങനെയാണ് രണ്ട് കാർഡുകൾ.
എങ്ങനെയും തൃശൂർ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വൻ ക്രമക്കേടുകളുടെ വിവരങ്ങളാണു മൂന്നാം ദിവസവും പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടുവരെ ചേർത്തെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നെങ്കിൽ, ഇപ്പോൾ അതിന്റെ തെളിവടക്കമാണ് പുറത്തുവരുന്നത്. വോട്ടർ പട്ടികയിൽ പേരുചേർക്കണമെങ്കിൽ സ്ഥിര താമസക്കാരനാകണമെന്ന ചട്ടം ലംഘിച്ചാണു സുരേഷ് ഗോപി പേരു ചേർത്തതെന്നും ഇക്കുറി അദ്ദേഹത്തിനും കുടുംബത്തിനും തിരുവനന്തപുരത്താണു വോട്ടെന്നും പുറത്തുവന്നിട്ടുണ്ട്. ഇതു ഗുരുതര ചട്ടലംഘനമാണ്.
പൂങ്കുന്നത്തെ ക്യാപിറ്റൽ ഇ4ൽ താമസിക്കാതെ വോട്ട് ചേർത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി പറഞ്ഞു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകൾ ലഭിച്ചു. വോട്ടർ ഐഡി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്.
ക്യാപിറ്റൽ വില്ലേജ് സി4 ഫ്ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എൻഎസ്എസ്എച്ച്എസ്എസിലായിരുന്നു. തൃശൂരിലെ അജയകുമാർ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാർ എന്നത് അയൽവാസി സ്ഥിരീകരിച്ചു.
നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പിൽ വീടും, പോളിംഗ് സ്റ്റേഷൻ ശാസ്തമംഗലം എൻഎസ്എസ് സ്‌കൂളും തന്നെയാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിലേക്കാണ് തൃശൂരിലെ വോട്ടുകൊള്ള എത്തി നിൽക്കുന്നത്.
അതേസമയം, തൃശ്ശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടമ്മ അറിയാതെ ചേർത്ത വ്യാജ വോട്ടുകൾ ആബ്സെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഒഴിവാക്കിയതായാണ് താൻ ഓർക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി. മേനോൻ പറഞ്ഞു. ചട്ടപ്രകാരം പരിശോധന നടത്തിയാണ് വോട്ടർമാരെ ചേർത്തത്. വ്യാജന്മാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അത് എങ്ങനെയെന്ന് അറിയില്ല. ബിഎൽഒ ചുമതല ആദ്യമായാണ് നിർവഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോൻ പറഞ്ഞു. ശങ്കരങ്കുളങ്ങരയില ഫ്‌ളാറ്റിൽ 79 പേരെ വ്യാജ വോട്ടർമാരായി ചേർത്തെങ്കിലും തിരിച്ചറിഞ്ഞതോടെ 78 പേരും വോട്ടു ചെയ്തില്ല. മുൻ കൗൺസിലർ വത്സല ബാബുരാജ് ആണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
തൃശൂരിലടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാജവോട്ട് ചേർക്കൽ നടന്നെന്ന ആക്ഷേപം വ്യാപകമാകുമ്പോളും ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെട്ടില്ല. പരാതി ലഭിക്കാതെ ആരോപണം പരിശോധിക്കില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി നൽകിയാൽ പരിശോധിക്കും.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിനാൽ പരാതിയിൽ എങ്ങിനെ ഇടപെടാമെന്നതിലും സംശയമുണ്ട്. അതിനാൽ തുടർനടപടി സ്വീകരിക്കുന്നതിൽ ഇലക്ഷൻ കമ്മിഷനോട് അഭിപ്രായം തേടിയ ശേഷം നിയമോപദേശം തേടുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വിവിധ മലയാളം വാർത്താ മാധ്യമങ്ങൾ നടത്തിയ വ്യത്യസ്ത അന്വേഷണങ്ങളിൽ കഴിഞ്ഞ ദിവസം വൻ ക്രമക്കേടു നടന്നെന്നു കണ്ടെത്തിയിരുന്നു. തൃശൂർ അയ്യന്തോളിലെ വാട്ടർ ലില്ലി അപ്പാർട്ട്‌മെന്റ്, പൂങ്കുന്നം ഇൻലാന്റ് ഉദയനഗർ അപ്പാർട്ട്‌മെന്റ് എന്നിവ കേന്ദ്രീകരിച്ചു വൻ തോതിൽ വോട്ടു ചേർത്തെന്നും ഇതിൽ പലരും ഇവിടെയിപ്പോൾ താമസക്കാരല്ലെന്നും നേരിട്ടു നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായി.
അടഞ്ഞ് കിടക്കുന്നതും വോട്ടർ പട്ടികയിലെ പേരുകാർ താമസമില്ലാത്തതുമായ വാട്ടർലില്ലി ഫ്‌ലാറ്റിൽ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത്. കോർപറേഷനും ലോക്‌സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോൾ ഈ ഫ്‌ലാറ്റിൽ താമസക്കാരല്ല. എന്നാൽ, പൂങ്കുന്നത്തെ ഇൻ ലാന്റ് ഉദയ നഗർ അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിൽ ഓരേ ഫ്‌ലാറ്റ് നമ്പർ ഉപയോഗിച്ചും ഫ്‌ലാറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്താതെയും ചിലർ വോട്ടർ പട്ടികയിൽ ഇടം പിടിച്ചെന്നാണ്. ബൂത്ത് നമ്പർ 37 ൽ ഫോറം 6 പ്രകാരം വോട്ടർ പട്ടികയിൽ പുതുതായി ഇടംനേടിയ 190 പേരിൽ 24 പേരും മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ്.
പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്‌മെന്റ്‌സിലെ നാല് സി എന്ന ഫ്‌ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് ഒമ്പത് വോട്ടുകളാണ്. ഈ വോട്ടുകൾ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിൽ താമസിക്കുന്ന പ്രസന്ന അശോകൻ പറഞ്ഞു. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നൽകിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകൾ തിരുകി കയറ്റിയെന്ന ആരോപണത്തിൽ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയൽവാസികളും രംഗത്തെത്തി. വോട്ടർ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വർഷങ്ങളായി ക്യാപ്പിറ്റൽ വില്ലേജിൽ താമസിക്കുന്ന ചിലരും ചൂണ്ടിക്കാട്ടി. കള്ളവോട്ട് ചേർത്തതിൽ നേരത്തെ പരാതി നൽകിയതാണെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും കോൺഗ്രസ് അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വരികയും തൃശൂരിൽ എൽഡിഎഫും, യുഡിഎഫും പരാതികൾ ഉന്നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യവ്യാപകമായി തന്നെ ഈ വിഷയം ചർച്ചയായിക്കഴിഞ്ഞു. ദേശീയ തലത്തിലടക്കം പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടു വേളയിൽതന്നെ ബിജെപിക്കു വിജയ പ്രതീക്ഷയില്ലാത്ത തൊട്ടടുത്ത ആലത്തൂർ മണ്ഡലത്തിൽനിന്നുള്ളവരെ ഇവിടെയെത്തിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പതിനായിരക്കണക്കിനു വോട്ടുകൾ പുതുതായി ചേർത്തെന്ന് ബിജെപി അവകാശവാദവും അന്നുന്നയിച്ചിരുന്നു. എന്നാൽ, ഇത് വ്യാജ മേൽവിലാസമുണ്ടാക്കിയുള്ളതാണ് എന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.