ന്യൂഡൽഹി: ഇന്ത്യയുടെ സുപ്രധാന നയതന്ത്രപങ്കാളി കൂടിയായ യുഎസിലിരുന്ന് ഇത്തരം പ്രസ്താവനകൾ നടത്തുന്ന പാക് സൈനികമേധാവി ജനറൽ അസിം മുനീറിന്റെ പ്രവൃത്തി തികച്ചും അപലപനീയമെന്ന് എഐഎംഐഎം പ്രസിഡന്റും ലോകസഭാംഗവുമായ അസദുദ്ദീൻ ഒവൈസി. ഒരു വിവരദോഷിയെപ്പോലെയാണ് അസിം മുനീർ സംസാരിക്കുന്നത്. എന്നാൽ പാക്ക് സൈന്യത്തിന്റെയും അതിന്റെ രഹസ്യഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്ന ഭീഷണിക്കെതിരെ ഇന്ത്യ ജാഗ്രത പാലിക്കണമെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഏതുതരത്തിലുള്ള പ്രകോപനത്തെയും പ്രതിരോധിക്കാൻ രാജ്യം സജ്ജമായിരിക്കണമെന്നും അതിനായി പ്രതിരോധ ബജറ്റ് വർധിപ്പിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഒവൈസി കൂട്ടിച്ചേർത്തു.
അതേസമയംയുഎസ് സന്ദർശനത്തിനിടെ അസിം മുനീർ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി ഉയർത്തിയിരുന്നു. പാക്കിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തിയാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാൻ മടിക്കില്ലെന്നായിരുന്നു മുനീറിൻറെ ഭീഷണി. എന്നാൽ യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകൾ കൂടുതൽ പുറത്തുവന്നു തുടങ്ങിയത്. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീർ ഭീഷണി മുഴക്കി. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിതാൽ, നിർമാണം പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു.
ഇതിനിടെ റിലയൻസിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയും പാക് സൈനികമേധാവി നടത്തി. ഭാവിയിൽ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാൽ റിലയൻസിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയിൽ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിൻറെ പരാമർശം.