വാഷിങ്ടൺ: അമേരിക്കയിലേക്ക് അടിക്കടിയുള്ള സന്ദർശനവും ചങ്ങാത്തവും തുടങ്ങിയതോടെ പാക് സൈനികമേധാവി അസിം മുനീറിന്റെ വെല്ലുവിളി കൂടി. ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകൾ തുടരുന്നതിനിടെ റിലയൻസിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്നാണ് പുതിയ ഭീഷണി. ഫ്‌ളോറിഡയിലെ ടാമ്പയിൽ അമേരിക്കക്കാരായ പാക്കിസ്ഥാനികൾ സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിന്റെ പരാമർശം.
ഇനി ഇന്ത്യയുമായി ഒരു ഏറ്റമുട്ടൽ ഉണ്ടായാൽ, പാക്കിസ്ഥാന് എന്താണ് ചെയ്യാനാവുക എന്ന് അവർക്ക് കാണിച്ചുകൊടുക്കുന്നതിന് താൻ അനുമതി നൽകിയതായി അസിം മുനീർ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമർശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതേസമയം യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയ്ക്കെതിരേ അസിം മുനീർ ആണവ ഭീഷണി ഉയർത്തിയിരുന്നു. പാക്കിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തിയാൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാൻ മടിക്കില്ലെന്നായിരുന്നു മുനീറിൻറെ ഭീഷണി. ”ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകുമെന്നായിരുന്നു അസിം മുനീറിന്റെ ഭീഷണി. യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകളെന്നു വ്യക്തം.
കൂടാതെ സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീർ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ, നിർമാണം പൂർത്തിയായ ഉടൻ മിസൈൽ അയച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു. ‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ മാത്രം കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല’, അസിം മുനീർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനു ശേഷം രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുനീർ യുഎസ് സന്ദർശിക്കുന്നത്. ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു മെഴ്സിഡസാണ് ഇന്ത്യയെന്നും എന്നാൽ, പാക്കിസ്ഥാൻ ഒരു ഡംപ് ട്രക്കാണെന്നും പറഞ്ഞ മുനീർ, ട്രക്ക് കാറിൽ ഇടിച്ചാൽ ആരാണ് തകർക്കപ്പെടുകയെന്നും ചോദിച്ചു പരിഹസിച്ചു. കൂടാതെ കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകവും ഖത്തറിൽ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ അറസ്റ്റിലായതും കുൽഭൂഷൺ യാദവ് കേസുമെല്ലാം പ്രസംഗത്തിനിടെ എടുത്തുപറഞ്ഞ മുനീർ, ഇന്ത്യ തീവ്രവാദത്തിൽ പങ്കാളിയാണെന്നും ആരോപിച്ചു.