കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നും ഇതിന്റെ രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് നടി ശ്വേത മേനോനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽനിന്നു നടപടികൾ സംബന്ധിച്ച് ജസ്റ്റിസ് വി.ജി. അരുൺ റിപ്പോർട്ട് തേടി.കൂടാതെ സർക്കാരിനു നോട്ടിസയ്ക്കാനും കോടതി നിർദേശിച്ചു.
പരാതി ലഭിച്ചാൽ ബിഎൻഎസ്എസ് പ്രകാരം ആദ്യം അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് റിപ്പോർട്ട് തേടേണ്ടതുണ്ട്. എന്നാൽ ഇതടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിജെഎം കോടതിയുടെ നടപടി എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. കേസിന്റെ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശ്വേത മേനോൻ നൽകിയ പരിഗണിച്ചാണു കോടതി നിർദേശം.
സിജെഎം കോടതിയുടെ ഉത്തരവിനു പിന്നാലെ എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യപ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം കേസ് സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽ പോലും രേഖകൾ ഒന്നുമില്ലെന്നും ‘റഫേഡ്’ എന്നുമാത്രമേ പറയുന്നുള്ളൂ എന്നും ശ്വേതയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ അടുത്തു വച്ച് ചില രംഗങ്ങൾ ഡൗൺലോഡ് ചെയ്തു കണ്ടെന്നാണ് പറയുന്നത്. 30 വർഷം മുമ്പ് അഭിനയിച്ച സിനിമയിലെ കാര്യങ്ങളൊക്കെയാണു പറയുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയ വേഷമൊക്കെയാണു പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഒറ്റനോട്ടത്തിൽതന്നെ, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധവും സംഭവിക്കാൻ സാധ്യതയില്ലാത്തതുമാണെന്നു വ്യക്തമാണ്. എന്നിട്ടും കേസെടുക്കാൻ മജിസ്ട്രേട്ട് കോടതി നിർദേശം നൽകിയത് മനസിരുത്താതെയാണെന്നും ഹർജിയിൽ പറയുന്നു.