കെന്നിങ്ടൺ: ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് ഒരു സിക്സറിന്റെ ദൂരം മാത്രം… മരുസൈഡിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 6 റൺസും… പക്ഷെ ക്യാപ്റ്റൻ ഗില്ലിന് സിറാജെന്ന ഒറ്റയാനെ വിശ്വാസമുണ്ടായിരുന്നു. അവൻ പന്ത് കയ്യിലെടുത്താൽ എതിരാളി വീഴും… ആ വിശ്വാസം തെറ്റിയില്ല, 86-ാം ഓവറിൽ ആറ്റ്കിൻസന്റെ (17) കുറ്റിതെറിപ്പിച്ച് സിറാജ് ഓവലിൽ ഇന്ത്യയ്ക്കായി വിജയക്കൊടി പാറിച്ചു.
ഓവലിൽ കൈവിട്ടെന്നു കരുതിയ മത്സരം അവസാന ദിനം എറിഞ്ഞു പിടിച്ചത് സിറാജെന്നെ ഒറ്റയാനിലൂടെയാണ്. കൂട്ടായി പ്രസിദ്ധും എത്തിയതോടെ മത്സരം സമനിലയിൽ. അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു വിക്കറ്റുകളിൽ മൂന്നും സ്വന്തമാക്കിയത് സിറാജാണ്. പരമ്പരയിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് കീഴടക്കിയതോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.
സ്‌കോർ: ഇന്ത്യ – 224/10, 396/10, ഇംഗ്ലണ്ട് – 247/10, 367/10.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ശേഷിക്കേ അവസാന ദിനം ജയിക്കാൻ 35 റൺസായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവർട്ടൺ തുടക്കമിട്ടതോടെ കളിയുടെ ഗതി മാറുകയാണോയെന്ന സംശയം ഉദിച്ചു.
എന്നാൽ തൊട്ടടുത്ത ഓവറിൽ അതു വെറും തോന്നലാന്നു തെളിയിച്ച് ജാമി സ്മിത്തിനെ (2) വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറിൽ ഓവർട്ടണിനെ (9) വിക്കറ്റിനു മുന്നിൽ കുടുക്കി വീണ്ടും സിറാജിന്റെ മുന്നേറ്റം. പിന്നാലെ 11 പന്തുകൾ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തിൽ തെറിപ്പിച്ച് പ്രസിദ്ധ് മത്സരത്തെ ആവേശക്കൊടുമുടിയിലേറ്റി. ഇതിനിടെ കഴിഞ്ഞ മത്സരത്തിൽ തോളിന് പരുക്കേറ്റ ക്രിസ് വോക്സ് ക്രീസിലേക്ക്. വോക്സിനെ ഒരറ്റത്ത് നിർത്തി ഗസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചപ്പോൾ ഇന്ത്യ വീണ്ടും പ്രതിരോധത്തിൽ. എന്നാൽ 86-ാം ഓവറിൽ ആറ്റ്കിൻസന്റെ (17) കുറ്റി മനോഹരമായി തെറിപ്പിച്ച് സിറാജ് ആകാശത്തിലേക്ക് മുഷ്ടി ചുരുട്ടി…
രണ്ടാം ഇന്നിങ്സിന്റെ നാലാം ദിനം ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടും ഇംഗ്ലണ്ടിന് മത്സരത്തിൽ മേൽക്കൈ സമ്മാനിച്ചിരുന്നു. എന്നാൽ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഇന്ത്യ ഉയർത്തിയ 374 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർ സാക് ക്രോളിയെ (14) ആണ് ആദ്യം നഷ്ടമാകുന്നത്. മൂന്നാം ദിനത്തിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് താരത്തെ പുറത്താക്കുകയായിരുന്നു. അതിനോടകം ബെൻ ഡക്കറ്റിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ ക്രോളി 50 റൺസ് ചേർത്തിരുന്നു.
തുടർന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അർധ സെഞ്ചുറി തികച്ച ഓപ്പണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് തുടക്കത്തിൽ ഇംഗ്ലണ്ടിനു നഷ്ടമായി. 83 പന്തിൽ നിന്ന് ആറു ബൗണ്ടറിയടക്കം 54 റൺസെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പിൽ കെ.എൽ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ക്യാപ്റ്റൻ ഒലി പോപ്പും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 100 കടത്തി. എന്നാൽ ആഘോഷിക്കാനുള്ള അവസരം നൽകാതെ പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച റൂട്ട് – ബ്രൂക്ക് സഖ്യം കളി ഇംഗ്ലണ്ടിന് അനുകൂലമാക്കി. നാലാം വിക്കറ്റിൽ ഇരുവരും 195 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തിൽ മുൻതൂക്കം നേടിയിരുന്നു. അതിൽ ബ്രൂക്കായിരുന്നു കൂടുതൽ അപകടകാരി. 91 പന്തിൽ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തിൽ നിന്ന് രണ്ട് സിക്‌സും 14 ഫോറുമടക്കം 111 റൺസെടുത്താണ് പുറത്തായത്.
പക്ഷെ 35-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ബ്രൂക്കിനെ ബൗണ്ടറി ലൈനിനരികിൽ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. വ്യക്തിഗത സ്‌കോർ 19-ൽ നിൽക്കുമ്പോഴായിരുന്നു സിറാജിന്റെ പിഴവ്. ആ പിഴവ് പിന്നീട് ഇംഗ്ലണ്ടിന് 92 റൺസ് കൂട്ടിച്ചേർക്കുന്നതിനു കളമൊരുക്കി. എന്നാൽ ആകാശ് ദീപിന്റെ പന്തിൽ സിറാജ് തന്നെയാണ് പിന്നീട് ബ്രൂക്കിനെ പിടികൂടി അതിനു പ്രാശ്ചിത്തം ചെയ്തു. തൊട്ടു പിന്നാലെ ജോ റൂട്ട് സെഞ്ചുറി തികച്ചു. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 152 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 105 റൺസെടുത്ത റൂട്ടിനെ മടക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഇതിനിടെ ജേക്കബ് ബെത്തെൽ (5) പ്രസിദ്ധിന്റെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായിരുന്നു.
അതേസമയം രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടൻ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അർധ സെഞ്ചുറികൾ നേടി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസെടുത്തു.