കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ സുഹൃത്തിനു വിറ്റ് മാതാപിതാക്കൾ. കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇരുവരും ശ്രമിച്ചത്. എന്നാൽ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ, കുഞ്ഞിനെ രക്ഷപ്പെടുത്തി കളമസേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം. മറ്റൊരു സോഴ്സിൽ നിന്നു കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നു വിവരം ലഭിച്ച പോലീസ് മാതാപിതാക്കളെ പിടികൂടി വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്.
അതേസമയം കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ അവർ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് മാതാപിതാക്കൾ കടുങ്ങല്ലൂർ സ്വദേശിനിയോട് പറഞ്ഞത്. പക്ഷെ കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും കളമശ്ശേരി സിഐ പറഞ്ഞു.
കഴിഞ്ഞ 26-നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ആലുവ സ്വദേശിയായ യുവതി പ്രസവത്തിനായി അഡ്മിറ്റായത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. ഇതിനിടെ പങ്കാളിയായ ജോൺ തോമസുമായി യുവതി സൗഹൃദത്തിലായി. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളിൽ നിന്നും ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നടക്കം മറച്ചുവെക്കുകയായിരുന്നു.
അതേസമയം പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു ഇരുവരുടേയും തീരുമാനം. പിന്നാലെ തീരുമാനം മാറ്റി. മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ആയതിനുശേഷം കുഞ്ഞിനെ കടുങ്ങല്ലൂർ സ്വദേശിനിക്കു വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരിൽ കേസ് എടുത്തു. പിടിയിലായ കുഞ്ഞിന്റെ പിതാവിനെ പോലീസ് റിമാൻഡ് ചെയ്തു. എന്നാൽ പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മാതാവിനെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അടുത്ത ദിവസംതന്നെ സിഡബ്ല്യൂസിക്ക് കൈമാറിയേക്കും.