ന്യൂഡൽഹി: ഭീഷണിപ്പെടുത്തി തന്റെ വരുതിയിലാക്കുന്ന ട്രംപിന്റെ പരിപാടി വിലപ്പോവില്ലെന്നു സൂചന നൽകി ഇന്ത്യ. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യക്ക് പിഴ ചുമത്താൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. റഷ്യയുമായി എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം കൂടി വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം ഇത്തരത്തിൽ വിശദീകരണം നൽകിയത്.
“റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ അതൊരു നല്ല നടപടിയാണ്,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിപണി ചലനാത്മകതയും ദേശീയ താൽപ്പര്യങ്ങളും അനുസരിച്ചാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നതെന്നും, റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
ഈ മാസം ഇളവ് കുറഞ്ഞതിനാലും യുഎസ് മുന്നറിയിപ്പ് നൽകിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ സംസ്ഥാന റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, കടൽമാർഗമുള്ള റഷ്യൻ ക്രൂഡിൻ്റെ ഏറ്റവും വലിയ ഉപഭോക്താവാണ്. യുക്രൈൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ വിലക്കുറവിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേരത്തെ വിമർശിച്ചിരുന്നു. ഇതിനു പുറമെയാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താനും ട്രംപ് തീരുമാനിച്ചത്.
അതേസമയം റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ്, ഭാരത് പെട്രോളിയം കോർപ്പ്, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ ക്രൂഡ് ഓയിലിന് ഓർഡർ നൽകിയിട്ടില്ല.
നേരത്തെ റഷ്യ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ, ക്ഷീര, കാർഷിക ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ബീഫ് ഉൾപ്പടെ ഇറക്കുമതി തീരുവ കുറയ്ക്കാനാകാത്ത ഉത്പന്നങ്ങളുടെ പട്ടികയും വാണിജ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.