‘അമ്മ’യിലെ വനിത അംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രചരിക്കുന്ന തന്റെ ഓഡിയോ ക്ലിപ്പ് സംഭവത്തിൽ വിശദീകരണവുമായി നടൻ നാസർ ലത്തീഫ്. ഒരു വർഷം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജയൻ ചേർത്തലയ്ക്ക് അയച്ച ഓഡിയോ ആയിരുന്നു അതെന്നാണ് നാസർ ലത്തീഫിന്റെ വിശദീകരണം.
താൻ സ്വന്തം സഹോദരനായി കരുതുന്ന ജയൻ ചേർത്തല തന്നോട് ഈ വിശ്വാസ വഞ്ചന ചെയ്യുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ല. അങ്ങനെയെങ്കിൽ തന്റെ കയ്യിൽ എത്രയോ ക്ലിപ്സ് ഇരിപ്പുണ്ട്. ഞാൻ അതൊക്കെ പുറത്തേക്ക് വിട്ടു കഴിഞ്ഞാൽ വലിയ വിവാദങ്ങളാകും ‘അമ്മ’യ്ക്കകത്ത്. താൻ അങ്ങനെയുള്ള ഒരു മനുഷ്യനല്ല. ഇതൊക്കെ വിശ്വാസവഞ്ചനയാണെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ നാസർ പറയുന്നു.
നാസർ ലത്തീഫ് പറയുന്നതിങ്ങനെ-
‘‘പ്രിയപ്പെട്ടവരെ നമസ്കാരം, ഞാൻ നാസർ ലത്തീഫ്. ഇന്ന് എനിക്ക് വളരെ ഒരു ദുഃഖം നിറഞ്ഞ ഒരു ദിവസമാണ്. സന്തോഷമുണ്ട് എന്റെ നോമിനേഷൻ സ്വീകരിച്ചു. ഞാൻ വൈസ് പ്രസിഡന്റ് ആയി നിൽക്കുന്നുണ്ട് എന്ന് ഞാൻ നിങ്ങളെ അറിയിച്ചു, ഇപ്പോഴും അറിയിക്കുന്നു. എന്നാൽ ഞാൻ എന്റെ സ്വന്തം സഹോദരനായി കരുതുന്ന ജയൻ ചേർത്തല എന്റെ സുഹൃത്തും വളരെ അടുത്ത സഹയാർഥിയുമായി മനസ്സിൽ സൂക്ഷിക്കുന്ന ജയൻ ചേർത്തലയ്ക്ക് ഒരു വർഷം മുമ്പ് എന്റെ ഏതോ ഒരു മാനസിക വിഷമത്തിൽ ഒരു ഓഡിയോ ക്ലിപ്പ് അയച്ചിരുന്നു.
ആ ഓഡിയോ ക്ലിപ്പ് ഇപ്പോൾ എടുത്ത് വലിയ രീതിയിൽ ഇലക്‌ഷൻ സ്റ്റണ്ട് ആയി പുറത്തേക്ക് ഇറക്കി. എന്തിനാണ് ഇത്, ഇതിന്റെ ആവശ്യം വല്ലതും ഉണ്ടോ? അങ്ങനെ ഇറക്കാനാണെങ്കിൽ എന്റെ കയ്യിൽ എത്രയോ ക്ലിപ്സ് ഇരിപ്പുണ്ട്. ഞാൻ അതൊക്കെ പുറത്തേക്ക് വിട്ടു കഴിഞ്ഞാൽ വലിയ വിവാദങ്ങളാകും ‘അമ്മ’യ്ക്കകത്ത്. ഞാൻ അങ്ങനെയുള്ള ഒരു മനുഷ്യനല്ല. ഇതൊക്കെ വിശ്വാസവഞ്ചനയാണ്. നമ്മൾ ഒരു സുഹൃത്തിനെ വിശ്വസിച്ച് ഒരു കാര്യം അയയ്ക്കുമ്പോൾ അത് ഒരു വർഷം സൂക്ഷിച്ചുവെച്ച് ഇലക്‌ഷൻ തീരുമാനിക്കുന്ന ദിവസം അതെടുത്ത് വൈറൽ ആക്കി എല്ലാ ചാനലുകാർക്കും കൊടുത്ത് നമ്മളെ ഒരുമാതിരി ചീപ്പ് ആക്കുന്ന ഒരു പരിപാടി. എന്തിനാണ് ഇതിന്റെ ആവശ്യം? എന്ത് നേടാനാണ്, എന്നോട് ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ ഒഴിഞ്ഞു തരാം.
https://www.facebook.com/share/v/1GMB6pQ33d/