തൃശൂർ: കന്യാസ്ത്രി വിഷയത്തിൽ ബിജെപിക്കു കൈ പൊള്ളിയെന്നു വിലയിരുത്തൽ. രണ്ടു മൂന്ന് ദിവസം പതുങ്ങിനിന്ന നേതൃത്വം പൊടുന്നനെ ചർച്ചയ്ക്കിറങ്ങിയതിനു പിന്നിൽ കേരള മിഷൻ പാളിയതിനെ തുടർന്നെന്നു സൂചന. ഇതിനിടെ ജില്ലാ നേതാക്കളെ പുറത്തുനിർത്തി സഭാ നേതൃത്വവുമായി കൊണ്ടുപിടിച്ച കൂടിക്കാഴ്ചകൾ ഒരുവഴിക്ക് നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്ന് ബന്ധം ഊട്ടിയുറപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ. സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലുമാണ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസം സിറോ മലബാർ ആസ്ഥാനത്തെത്തിയും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട രാജീവ് അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളാണെന്നും അവരുടെ മോചനത്തിനായി സഹായിക്കാമെന്ന് അമിത് ഷാ ഉറപ്പുനൽകിയതായും പറഞ്ഞിരുന്നു. അതുപോലെ തുടക്കത്തിൽ എതിർത്തുനിന്നവർ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് അറിയിച്ചതിനു പിന്നിലും ന്യൂനപക്ഷ അനുനയമെന്നു സൂചന. സിസ്റ്റർമാരുടെ ജാമ്യാപേക്ഷയെ എതിർക്കില്ലെന്നു ഛത്തീസ്ഗഡ് സർക്കാർ അറിയിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾതന്നെ നയം വ്യക്തമാക്കുന്നു.
അതേസമയം ബിജെപി കേന്ദ്ര നേതാക്കൾക്കിടയിലും ഇക്കാര്യത്തിൽ അതൃപതിയുണ്ടെന്നാണ് സൂചന. ഇതിനിടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജീവ് ചന്ദ്രശേഖർ ഡൽഹിക്ക് തിരിക്കും.
തുടക്കത്തിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിൽ ശക്തമായി എതിർത്തിരുന്നത് ഛത്തീസ്ഗഡ് സർക്കാർ ആയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതും എൻഐഎ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതും. ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്.
അതേസമയം, ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കാൻ തീരുമാനമായി. മലയാളി കന്യാസ്ത്രിമാരുടെ കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയും NIA കോടതി പ്രവർത്തിക്കുന്നുവെന്നത് കണക്കിലെടുത്താണ് തീരുമാനം. കന്യാസ്ത്രീകളുടെ കുടുംബം, റായ്പൂർ അതിരൂപത നേതൃത്വം, റോജി എം ജോൺ എംഎൽഎ എന്നിവർ അഭിഭാഷകനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
കോടതി നടപടി അനുസരിച്ച് തുടർനീക്കം ആലോചിക്കും. പ്രതികൂല വിധിയെങ്കിൽ ഉച്ചക്ക് ശേഷമോ, തിങ്കളാഴ്ചയോ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാൻ നേരത്തെ ദുർഗ് സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.