കൊച്ചി: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വൻതാര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുൻനിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര.
ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് വൻതാര ഗജ്സേവക് സമ്മേളനം. പരിശീലന പരിപാടി പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.
ദേശീയതലത്തിൽ നടത്തുന്ന പരിപാടി കപ്പാസിറ്റി ബിൽഡിംഗ് ( ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയർത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തിൽ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടെയും കൂടിയാണ് സമ്മേളനം ആരംഭിച്ചത്.
‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവാണ്,’ വൻതാര ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസർ വിവാൻ കരാനി പറഞ്ഞു. ‘പരമ്പരാഗത ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആനകളുടെ ക്ഷേമത്തിനായി കൂടുതൽ ശക്തവും കരുണാമയവുമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ആന സംരക്ഷണത്തിന്റെ ഭാവി സർക്കാരുകൾ കൈക്കൊള്ളുന്ന നയത്തെയോ ഇവിടുത്തെ ആവാസ വ്യവസ്ഥയെയോ മാത്രം ആശ്രയിച്ചുള്ളതല്ല – മറിച്ച് അവയെ പരിചരിക്കുന്നവരുടെ ശാക്തീകരിക്കപ്പെട്ട കൈകളെയും ഹൃദയങ്ങളെയും ആശ്രയിച്ചാണ്–അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധയിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 250ലധികം ആനകളുടെ ആവാസ കേന്ദ്രമാണ് വൻതാര. ഒരുകാലത്ത് ദുരിതത്തിലോ പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിലോ ആയിരുന്ന ആനകളായിരുന്നു അതെല്ലാം. 500-ലധികം പരിചാരകരുടെ ഒരു സമർപ്പിത സംഘത്തിന്റെ പിന്തുണയോടെയും സമ്പന്നവും കാരുണ്യപൂർണ്ണവുമായ പരിചരണത്തിലൂടെയും അവരുടെ ജീവിതങ്ങളിൽ എങ്ങനെ പരിവർത്തനം സാധ്യമാക്കും എന്നതിന്റെ തെളിവായി നിലകൊള്ളുന്നു വൻതാര. മൃഗക്ഷേമത്തിൽ ആഗോള നിലവാരം ഉയർത്തുന്നതിന് പ്രതിജ്ഞാബദ്ധമായ വൻതാര, ദേശീയ, അന്തർദേശീയ തലങ്ങളിലെ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതികളിൽ തുടർച്ചയായ നിക്ഷേപം നടത്തുന്നുണ്ട്.