മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് സോനം രഘുവംശി കേസിന്‍റെ ഭീകരത മറന്ന് തുടങ്ങും മുൻപേ ഇതാ സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഫിറോസാബാദിലെ തുണ്ട്‌ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിലും ഭാര്യയും കാമുകനുമാണ് പ്രതിസ്ഥാനത്തെന്ന് പൊലീസ് പറയുന്നു. പ്രണയ ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കാമുകന്‍റെ സഹായത്തോടെ ഭാര്യ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സുനിൽ യാദവിന്‍റെ അമ്മ ജൂലൈ 24 -ന് പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതെന്ന് ഉത്തർപ്രദേശിലെ പ്രാദേശിക മാധ്യമമായ അമർ ഉജാലയിലെ ഒരു റിപ്പോർട്ട് ചെയ്യുന്നു. സുനിലിന്‍റെ ഭാര്യ ഷാശിയും കാമുകൻ യാദവേന്ദ്രയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും സുനിലിനെ ഒഴിവാക്കി ഇരുവർക്കും ഒരുമിച്ച് ജീവിക്കുവാൻ വേണ്ടി നടത്തിയ കൊലപാതകമാണ് ഇതെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഷാശിയും യാദവേന്ദ്രയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മെയ് 12 -ന് ഷാശി സുനിലിന് വിഷം ചേർത്ത തൈര് ഭക്ഷണത്തോടൊപ്പം നൽകി. തുടർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യം മോശമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ച് സുനിലിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ മെയ് 14 ന്, ഷാശി അതേ പ്രവൃത്തി ആവർത്തിച്ചു. രണ്ടാമത്തെ ശ്രമത്തിൽ സുനിൽ കൊല്ലപ്പെട്ടു.
സംശയം തോന്നിയ സുനിലിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സുനിലിന്‍റെ അമ്മ നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. യാദവേന്ദ്രയുടെ സഹായത്തോടെ ഓൺലൈനായി വിഷം ഓർഡർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. സോനം രഘുവംശിയുടെ കേസിൽ ഷാശി സ്വാധീനിക്കപ്പെട്ടിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.