ന്യൂഡൽഹി: സംസാരിക്കരുതെന്ന് ഉറ്റ സുഹൃത്ത് ആവശ്യപ്പെട്ട യുവതിയോട് സംസാരിച്ചു. പിന്നാലെ കൂട്ടുകാരനെ കഴുത്തറുത്ത് 20കാരൻ. ഡൽഹി പാണ്ഡവ് നഗർ സ്വദേശിയായ ആകാശ് ശർമ എന്ന 20കാരനെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഐസ്ക്രീം കച്ചവടക്കാരനായ ഇയാൾ ബികോം ബിരുദധാരിയാണ്. വൈകാരികമായ അടുപ്പം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അക്രമം നടന്നതെന്നാണ് 20കാരൻ പൊലീസിനോട് വിശദമാക്കിയത്.
ജൂലൈ 17നാണ് സംഭവത്തിന് ആസ്പദമായ അക്രമം നടന്നത്. ഹർഷ് ഭാരതി എന്ന യുവാവിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഹർഷ് ഭാരതിയും ആകാശ് ശർമയും ഏറെക്കാലമായി ഉറ്റ സുഹൃത്തുക്കളാണ്. എന്നാൽ ഹർഷ് അടുത്ത കാലത്തായി ആകാശിന്റെ വനിതാ സുഹൃത്തുമായി അടുക്കുന്നത് ആകാശ് വിലക്കിയിരുന്നു. ഇത് പരിഗണിക്കാതെ വനിതാ സുഹൃത്തുമായി ഹർഷ് സംസാരിച്ചതാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചത്. കൊലപാതക ശ്രമത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് പൊലീസ് ആകാശിനെതിരെ കേസ് എടുത്തിരിക്കുന്നത്.
വനിതാ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന ഹർഷിന്റെ സമീപത്തേക്ക് എത്തിയ ആകാശ്, ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഹർഷിന് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ആകാശിനായി ദിവസങ്ങളോളമാണ് പൊലീസ് തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ആകാശിനേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.