മുംബൈ: എത്ര തവണ മാപ്പ് പറഞ്ഞെന്ന് അറിയില്ല, എന്റെ ജീവിതത്തിൽ നിന്നുതന്നെ ഏ ഏട് മായിച്ചുകളയാനായെങ്കിൽ… പറയുന്നത് വേറാരുമല്ല ഹർഭജൻ സിങാണ്… ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ തല്ലിയതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനോട് ഇതിനോടകം 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാൽ ശ്രീശാന്തിന്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ താൻ തകർന്നുപോയതായി മുൻ ഇന്ത്യൻ താരം വെളിപ്പെടുത്തുന്നു.
2008ൽ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുമ്പോഴാണ് പഞ്ചാബ് കിങ്സ് താരമായിരുന്ന ശ്രീശാന്തിനെ ഹർഭജൻ തല്ലിയത്. ഇതോടെ ഹർഭജനെ സീസണിലെ മറ്റു മത്സരങ്ങൾ കളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഐപിഎല്ലിനു രാജ്യാന്തര തലത്തിൽ നാണക്കേടായ സംഭവമായിരുന്നു ഇത്. പിന്നീടു പല തവണ പല വേദിയിൽ വച്ചു ശ്രീശാന്തിനോടു ഭാജി മാപ്പു പറഞ്ഞിരുന്നു. ഇപ്പോൾ ആർ. അശ്വിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഴയ സംഭവത്തെക്കുറിച്ച് ഹർഭജൻ പ്രതികരിച്ചത്.
‘‘ശ്രീശാന്തുമായുള്ള പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽനിന്നുതന്നെ മായ്ച്ചു കളയാൻ എനിക്ക് ആഗ്രഹമുണ്ട്. ഞാൻ അത് ഒരിക്കലും ചെയ്യരുതായിരുന്നു. 200 തവണയെങ്കിലും ഞാൻ അദ്ദേഹത്തോടു മാപ്പു പറഞ്ഞിട്ടുണ്ടാകും. ആ സംഭവം നടന്ന് വർഷങ്ങൾക്കു ശേഷവും അതിന്റെ വേദന എന്നെ വിട്ടുപോയിട്ടില്ല. ആ തല്ല് വലിയൊരു തെറ്റായിരുന്നു. എല്ലാവർക്കും തെറ്റു പറ്റാറുണ്ട്. പിന്നീട് അത് ആവർത്തിക്കാതിരിക്കാനാണു ശ്രമിക്കേണ്ടത്. അന്ന് ഞങ്ങൾ എതിരാളികളായിരുന്നു. പക്ഷേ പ്രശ്നം അത്രയും വഷളാക്കേണ്ടിയിരുന്നില്ല.’’
‘‘എന്നെ പ്രകോപിപ്പിച്ചു എന്നതു മാത്രമാണു ശ്രീശാന്ത് ചെയ്തത്. ഞാൻ ചെയ്ത തെറ്റിൽ എനിക്കു കുറ്റബോധമുണ്ട്. വർഷങ്ങൾക്കു ശേഷം ശ്രീശാന്തിന്റെ മകളോടു സംസാരിച്ചപ്പോഴായിരുന്നു ഞാൻ ആകെ തകർന്നുപോയത്. ഞാൻ വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. നിങ്ങളെന്റെ അച്ഛനെ തല്ലിയില്ലേ? ഞാൻ നിങ്ങളോടു സംസാരിക്കില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ഞാൻ തകർന്നുപോയി, കണ്ണൊക്കെ നിറഞ്ഞു. അവൾ വളർന്നു കഴിയുമ്പോൾ എന്നെക്കുറിച്ചുള്ള ആ ചിന്തകൾ മാറണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.’’– ഹർഭജൻ വ്യക്തമാക്കുന്നു.