കണ്ണൂർ: ഉമ്മൻചാണ്ടി നവീകരണോൽഘാടനം നിർവഹിച്ച പാർക്ക്, വീണ്ടും നവീകരിച്ചശേഷം ടൂറിസം മന്ത്രി അത് സ്വന്തം ക്രെഡിറ്റിലാക്കിയതായി ആക്ഷേപം. ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്ന കണ്ണൂർ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം, ഡിടിപിസി എടുത്തുമാറ്റിയതിൽ പ്രതിഷേധം. ഫലകം വെക്കാൻ സ്ഥലമില്ലാത്തത് കൊണ്ടാണ് പഴയത് മാറ്റിയതെന്നാണ് ഡിടിപിസി നൽകുന്ന വിശദീകരണം.
അതേസമയം പാർക്കിന് മുന്നിൽ പ്രതിഷേധിച്ച ജില്ലാ കോൺഗ്രസ് നേതാക്കൾ പഴയ ശിലാഫലകം പുതിയതിന് താഴെ വച്ചു. എടുത്തുമാറ്റിയാൽ അപ്പോ കാണാമെന്ന് മുന്നറിയിപ്പും നൽകി. രണ്ട് ശിലാഫലകം സ്ഥാപിക്കാനുള്ള സ്ഥലം ഇല്ലാത്തത് കൊണ്ട് നവീകരണം നടത്തിയ കരാറുകാർ ആയിരിക്കാം പഴയത് മാറ്റിയതെന്നാണ് ഡിടിപിസി പറയുന്നത്.
2015 ൽ ഉമ്മൻചാണ്ടിയാണ് അന്ന് നടന്ന നവീകരണത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട് 2022 മാർച്ച് ആറിനാണ് പയ്യാമ്പലം ഗസ്റ്റ് ഹൗസിനോട് ചേർന്നുള്ള നടപ്പാതയുടെയും സീവ്യു പാർക്കിൻറെയും നവീകരണ ഉദ്ഘാടനം നടക്കുന്നത്. അന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അതിനുശേഷം ഉമ്മൻചാണ്ടിയുടെ പേരിലുള്ള ശിലാഫലകം അടർത്തി മാറ്റി പകരം റിയാസിന്റെ പേരിലുള്ള ശിലാഫലകം വയ്ക്കുകയായിരുന്നു.