വാഷിങ്ടൺ: റഷ്യയ്ക്കെതിരെ മുഖം തിരിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനമായ മോസ്കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയ്ക്കെതിരെ പ്രയോഗിക്കാനായി യുക്രൈന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെയാണ് ട്രംപിന്റെ ആവശ്യം മുന്നോട്ടുവച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയോട് ഫോണിൽ സംസാരിക്കവേ ട്രംപ് ഇക്കാര്യം ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
‘സെലെൻസ്‌കി, നിങ്ങൾക്ക് മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?’ എന്ന് ട്രംപ് ഫോണിൽ സെലെൻസ്‌കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. അമേരിക്ക ആയുധങ്ങൾ തന്നാൽ തങ്ങൾക്ക് അതിന് തീർച്ചയായും അതിനു കഴിയുമെന്ന് സെലെൻസ്‌കി മറുപടി പറഞ്ഞതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പുടിനുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപ് സെലെൻസ്‌കിയെ വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയോടുള്ള തന്റെ നിലപാട് മാറ്റത്തിന്റെ ഉദ്ദേശ്യം തന്നെ റഷ്യയെ വേദനിപ്പിക്കുക എന്നതാണെന്നും തുടർന്ന് ചർച്ചയ്ക്ക് നിർബന്ധിക്കുക എന്നതാണെന്നും ട്രംപ് സൂചന നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
നേരത്തെ യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പുടിനെതിരേ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് 50 ദിവസത്തെ സമയപരിധി നൽകിയ ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത പക്ഷം 100 ശതമാനം ഉപരോധം നേരിടേണ്ടിവരുമെന്നും ഭീഷണിയും മുഴക്കിയിരുന്നു.
ഇതിനിടെ യുക്രൈന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനമായ ‘പാട്രിയോട്ട്’ മിസെലുകൾ അമേരിക്ക നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുടിനെന്നും എന്നാൽ, തൊട്ടുപിന്നാലെ എല്ലാവരെയും അയാൾ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് വിമർശിച്ചു. റഷ്യൻ നിലപാടിനോട് കടുത്ത നിരാശ പ്രകടിപ്പിച്ച ട്രംപ് യുക്രൈന് സൈനികസഹായം നൽകുന്നതിനായി നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (നാറ്റോ) ഒരു കരാറും രൂപവത്കരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ മൂന്നുവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ സംഘർഷത്തിന് ഇനിയും അറുതിയായിട്ടില്ല. അടുത്തിടെ യുദ്ധം രൂക്ഷമാവുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടർന്നാണ് യുക്രൈന് ആയുധം നൽകുന്നടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് ട്രംപ് നീങ്ങിയിരിക്കുന്നത്.