കോഴിക്കോട്: എല്ലാ പണിയും പയറ്റിനോക്കി, ജയിലിൽ കിടന്നാലും പണം പോകാതെയിരിക്കാൻ പറ്റുമോയെന്നും നോക്കി… ഗദ്യന്തരമില്ലാതെ മോഷ്ടിച്ച പണം പറമ്പിൽ കുഴിച്ചിട്ടുണ്ടെന്നുള്ള മൊഴി. ഇതോടെ നെഞ്ചിടിപ്പ് കൂടിയത് അന്വേഷണ ഉദ്യോഗസ്ഥരുടേയാണ്. ഈ മാസങ്ങളിൽ പെയ്ത മഴ പണത്തെ മുക്കുമോയെന്ന ഭയം…
പന്തീരങ്കാവ് കവർച്ചാക്കേസിൽ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക് എസിപി സിദ്ദിഖ് പറഞ്ഞു. പണം ഒളിപ്പിച്ചതിൽ ഒന്നാം പ്രതിക്ക് മാത്രമാണ് പങ്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 ലക്ഷം മോഷ്ടിച്ചതിൽ 39 ലക്ഷം രൂപയാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്തുള്ള പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു. മഴയായതിനാൽ ചില നോട്ടുകെട്ടുകളൊക്കെ പൂപ്പൽ പിടിച്ച് നശിച്ച നിലയിലായിരുന്നു. എങ്കിലും മുഴുവൻ പണവും കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എസിപി പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ
രണ്ടാംപ്രതിയേയും മൂന്നാം പ്രതിയേയും കസ്റ്റഡിയിൽ എടുത്തതിൽ നിന്നാണ് മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. 40 ലക്ഷം രൂപയുടെ സ്വർണം ബാങ്കിൽ ഉണ്ട് എന്ന് വിശ്വസിപ്പിക്കാൻ വേണ്ടി പ്രതികൾ രേഖകളുണ്ടാക്കി. ഇതിൽ ഒന്നാംപ്രതിയുടെ ഭാര്യയ്ക്കും പങ്കുണ്ട്. തനിക്ക് 40 ലക്ഷം രൂപയുടെ സ്വർണം വിവിധ ഫിനാൻസുകളിലുണ്ട് എന്നരേഖ ഇസാഫ് ബാങ്കിൽ കൊടുത്തു. മാത്രമല്ല, കവർച്ചയുടെ രണ്ട് ദിവസം മുമ്പ് ഇവർ ഈ ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ഇതു മോഷണം മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു.
എന്നാൽ ചാനലുകളിൽ അടക്കം വാർത്ത വന്നതിന് പിന്നാലെ അർധരാത്രിയോടെ ഇയാൾ രക്ഷട്ടു. പ്രതിയുടെ ചെറിയച്ഛന്റെ മകനാണ് ഒളിവിൽ പോകാൻ സഹായിച്ചത്. ചെറിയച്ഛന്റെ മകനും ഒളിവിൽ പോയി. ബെംഗളൂരുവിൽ ആദ്യം പോയി. പിന്നെ ഓരോയിടങ്ങളിൽ പോയിക്കൊണ്ടേയിരുന്നു. രണ്ട് ഫോൺ ഉണ്ടായിരുന്നു ഇയാളുടെ കൈയിൽ. രണ്ടു ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് മറ്റൊരു ഫോൺ ഉപയോഗിച്ചു. ഇത് പിന്തുടർന്നാണ് ചെറിയച്ഛന്റെ മകനിലേക്ക് എത്തുന്നത്.
അതേസമയം കവർച്ചയ്ക്ക് ശേഷം പണം ഒളിപ്പിച്ചു വെച്ചതിൽ രണ്ടുംമൂന്നും പ്രതികൾക്ക് പങ്കില്ലെന്ന് അന്ന് മനസിലായിരുന്നു. രണ്ടാംപ്രതിയുടെ പങ്ക് കുറ്റകൃത്യത്തിന് സഹായിച്ചു എന്നതാണ്. മൂന്നാംപ്രതിയുടെ പങ്ക് ഒളിവിൽ പോകാൻ സഹായിച്ചു എന്നതാണ്. പ്രതി ആദ്യം പറഞ്ഞത് ബാങ്കുകാർ തങ്ങളെ പറ്റിച്ചതാണ് എന്നായിരുന്നു. ഒരു ലക്ഷം രൂപ മാത്രമേ ബാങ്കുകാർ തന്നിട്ടുള്ളൂ എന്നായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ അതേ പ്രതിയെക്കൊണ്ട് തന്നെയാണ് ഇപ്പോൾ 39 ലക്ഷം രൂപ കണ്ടെടുത്തിരിക്കുന്നത്.
അതുപോലെ 55000 രൂപയാണ് പ്രതിയുടെ പക്കൽ നിന്ന് ആദ്യം കണ്ടെത്തിയത്. മൂന്നാം പ്രതി 45000 രൂപ ചെലവാക്കി. ഇന്ത്യ മൊത്തം കറങ്ങാൻ വേണ്ടിയിട്ടാണ് ഇയാൾ ഈ പണം ഉപയോഗിച്ചത്. പ്രതി പാലക്കാട്ടേക്ക് പോയതിന്റെ എല്ലാ തെളിവും കിട്ടി. ഇരുചക്രവാഹനത്തിലായിരുന്നു പ്രതി പാലക്കാട്ടേക്ക് പോയത്. എന്നാൽ ഒരിടത്തു പോലും ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. രണ്ടാളുകൾ പോകുന്നത് മാത്രമായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടെ ബാഗ് ഉണ്ടോ എന്നും സംശയമുണ്ടായിരുന്നു. ഒരുമാസത്തോളമായി ഈ ദൃശ്യങ്ങൾ പരിശോധിച്ചുവരികയായിരുന്നു.
ഇതിനായി 325 ഓളം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. രണ്ടുദിവസം മുമ്പ് കൊണ്ടോട്ടി ഭാഗത്ത് നിന്ന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ആ ദൃശ്യത്തിൽ ഇവരുടെ ബാഗ് ഉണ്ടായിരുന്നില്ല. 9.30 വരെ സ്ഥലത്തുണ്ട്. പോയപ്പോൾ ബാഗ് ഇല്ല. രണ്ടാം പ്രതിക്കും മൂന്നാം പ്രതിക്കും ബാഗ് കൈമാറിയിട്ടില്ലെന്നും വ്യക്തമായി. ബാഗ് എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും, അല്ലെങ്കിലും മറ്റാരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടാകും എന്ന നിഗമനത്തിലെത്തി.
അതേസമയം അന്വേഷണത്തിൽ ഒന്നരക്കോടിയോളം രൂപ പ്രതിക്ക് ബാധ്യതയുണ്ടെന്നാണ് മനസിലായി. പ്രതിക്ക് കടബാധ്യതയുള്ള സ്ഥാപനങ്ങളുമായും ആളുകളുമായും നിരന്തരം ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 70 ലക്ഷത്തോളം ബാധ്യതയുള്ള ഒരു സ്ഥാപനത്തിൽ, 35 ലക്ഷം രൂപ തന്നാൽ എല്ലാം സെറ്റിലാകുമോ എന്ന് പ്രതിക്ക് വേണ്ടി ഒരാൾ ചെന്ന് അന്വേഷിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇത് നിർണായകമായ ഒരു ലീഡായിരുന്നു. ഇതിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പണം പ്രതിയുടെ കൈയിൽ തന്നെ ഉണ്ട് എന്നും വേറെ എവിടെയും ചിലവായിപ്പോയിട്ടില്ലെന്നും നിഗമനത്തിൽ എത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ പണം കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പ്രതി സമ്മതിച്ചത്. സ്ഥലത്ത് വന്ന് നോക്കിയപ്പോൾ പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമോ എന്ന് പേടിയായിരുന്നു. സാധാരണ പണം നഷ്ടപ്പെട്ടാൽ മുഴുവനും തിരിച്ചെടുത്ത ചരിത്രം ഉണ്ടായിട്ടില്ല. ഇത് ഒരു രൂപ പോലും മിസാകാതെ കിട്ടി. എല്ലാവരും സന്തോഷത്തിലാണ്. നിലവിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാംപ്രതിമാത്രമാണ് പണം കുഴിച്ചിട്ടിരിക്കുന്നതെന്നാണ് മനസിലാകുന്നത്. എന്നാൽ എല്ലാ ഭാഗവും പോലീസ് പരിശോധിച്ചു വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കണ്ടെത്തിയ പണത്തിൽ പകുതിയിലധികവും നോട്ടുകൾ പൂപ്പൽ പിടിച്ചിട്ടുണ്ട്. പണം കോടതിയിൽ ഹാജരാക്കും. 39 ലക്ഷത്തിന്റെ ഓരോ സീരിയൽ നമ്പറും എഴുതിയെടുത്ത് ബാക്കി നടപടികൾ പൂർത്തിയാക്കണം.