വാഷിങ്ടൺ: മേയ്മാസത്തിലുണ്ടായ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ താൻ കാര്യമായി ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ (നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) ജനറൽ സെക്രട്ടറി മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇത്തവണ അവകാശവാദം ഉന്നയിച്ചത്.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- യുദ്ധങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ തങ്ങൾ ഏറെ വിജയം കൈവരിച്ചവരാണ്. ഇന്ത്യ-പാക് സംഘർഷം അങ്ങനെ തന്നെ മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്ത ഒരാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളും ആണവയുദ്ധത്തിലേക്ക് കടക്കുമായിരുന്നു. വളരെ മോശം നിലയ്ക്കായിരുന്നു അത് പൊയ്‌ക്കൊണ്ടിരുന്നത്.
അതുപോലെ ഇന്ത്യ-പാക് സംഘർഷം ഒത്തുതീർപ്പിലെത്തിക്കാൻ വ്യാപാരത്തെ കൂട്ടുപിടിച്ചെന്നു അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഞാൻ പറഞ്ഞു, നിങ്ങൾ ഈ വിഷയം പരിഹരിക്കുന്നിടംവരെ വ്യാപാരവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഞങ്ങളില്ലെന്ന്. അവർ അങ്ങനെ പ്രവർത്തിച്ചു, ട്രംപ് പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരവാദി ആക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിനു ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെയാണ് ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തത്. മേയ് ഏഴുമുതൽ പത്താംതീയതി വരെയാണ് സംഘർഷം നീണ്ടുനിന്നത്. ഇതാദ്യമായല്ല, ഇന്ത്യ-പാക് സംഘർഷത്തിൽ താൻ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. ജൂൺ മാസം ആദ്യവും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സംഘർഷം പരിഹരിക്കാൻ മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ട്രംപിനോട് ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.