ധർമ്മടം: ഇത്തിരിയില്ലാത്ത മക്കളെ പാട്ടുപാടി കൈകൊട്ടി ചിരിപ്പിക്കാനെത്തിയത് കൊലക്കേസ് പ്രതി. കണ്ണൂർ ധർമ്മടം നോർത്ത് വില്ലേജിൽ നടന്ന ബാലസംഘം സമ്മേളനത്തിലാണ് കൊലക്കേസ് പ്രതിയും സിപിഎം പ്രവർത്തകനുമായ ടെൻഷൻ ശ്രീജിത്ത് എത്തിയത്. സിപിഎം നേതൃത്വത്തിലുള്ള കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം.
തലശ്ശേരിയിലെ ബിജെപി പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത്. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവർത്തകൻ കെസി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. കൂടാതെ നാദാപുരം അസ്ലം വധക്കേസിലും ഇയാൾ പ്രതിയാണ്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് ഇപ്പോൾ പരോളിലാണ്. .
2008 മാർച്ച് അഞ്ചിനാണ് വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. മുൻപ് ശ്രീജിത്തിന്റെ വീടിന്റെ പാലുകാച്ചിന് പി ജയരാജൻ, എംവി ജയരാജൻ തുടങ്ങിയ സിപിഎം നോതാക്കളെത്തിയത് ഏറെ വിവാദമായിരുന്നു.