തിരുവനന്തപുരം: വക്കം പഞ്ചായത്ത് മെമ്പർ അരുണും അമ്മയും ജീവനൊടുക്കിയത് പ്രാദേശിക ബിജെപി പ്രവർത്തകർ കള്ളക്കേസ് നൽകിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിലെന്നു വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു. അരുൺ മികച്ച പൊതുപ്രവർത്തകനായിരുന്നു. കഴിഞ്ഞ ഒരു മാസമായി പഞ്ചായത്ത് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. അമ്മയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബിഷ്ണു പറഞ്ഞു.
അരുൺ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. വിദേശത്തേക്ക് പോകാൻ പിസിസിക്ക് അപ്ലൈ ചെയ്തെങ്കിലും കേസുകിടക്കുന്തിനാൽ കിട്ടിയിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളിലായി ഇതിൽ മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ ഓണത്തിന് അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നടന്നിരുന്നു. ഇതിലാണ് അരുണിനെതിരെ ബിജെപി പ്രവർത്തകർ ജാതി വിളിച്ച് ആക്ഷേപിച്ചു എന്നുപറഞ്ഞ് കേസ് കൊടുത്തത്. ഈ വിഷയത്തിൽ അരുൺ നൽകിയ കേസ് പോലീസ് എടുത്തിരുന്നില്ലെന്നും ബിഷ്ണു വെളിപ്പെടുത്തി.
അതേസമയം ഇന്ന് പുലർച്ചെയാണ് വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പറായ അരുൺ, അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരുടേയുംയും മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് മെമ്പർക്കും വൈസ് പ്രസിഡന്റിന് വാട്സ്ആപ്പ് സന്ദേശം അയച്ചതിനുശേമാണ് ജീവനൊടുക്കിയത്. വക്കം പഞ്ചായത്തിലെ എട്ടാം വാർഡ് കോൺഗ്രസ് മെമ്പറാണ് അരുൺ.
അരുണിന്റെ മരണത്തിന് ഉത്തരവാദികളെന്ന് ചൂണ്ടിക്കാണിച്ച് ഏതാനും പേരുകൾ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ഇവർ നൽകിയ ജാതി കേസ് താൻ ചെയ്തിട്ടില്ലെന്ന് അരുൺ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. റോബറി കേസും താൻ ചെയ്തിട്ടില്ല. പുതിയൊരു ജോലിക്കായി പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ ഭാര്യയും അമ്മയും മകനും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മാനസിക വിഷമം വല്ലാതെ ഉലക്കുന്നതിനാൽ ഞാൻ ജീവൻ അവസാനിപ്പിക്കുന്നു’ എന്നാണ് കുറിപ്പിൽ പറയുന്നത്.