ബെംഗളൂരു: സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞാല്‍ പിന്‍ഗാമിയായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വരണമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക എംഎല്‍എയുമായ ബേലൂര്‍ ഗോപാലകൃഷ്ണ. 75 വയസ്സ് തികഞ്ഞവർ വഴിമാറണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയായതിനു പിന്നാലെയാണ് ഗോപാലകൃഷ്ണയുടെ പരമാർശം.
‘‘ഗഡ്കരി രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകണം. ഗഡ്കരി സാധാരണക്കാരനോടൊപ്പമാണ്. ദേശീയപാതയടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം രാജ്യത്തിന്റെ വികസനത്തിനായി നല്ലത് ചെയ്തിട്ടുണ്ട്. ചെയ്ത സേവനങ്ങളിലൂടെ അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്നു രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം’’ – ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു.
‘‘75 വയസ്സ് തികഞ്ഞവര്‍ സ്ഥാനമൊഴിയേണ്ടി വരുമെന്ന് മോഹന്‍ ഭാഗവത് സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഗഡ്കരിക്കുള്ള സമയം വന്നെന്ന് എനിക്ക് തോന്നുന്നു. 75 വയസ്സ് തികഞ്ഞതിന്റെ പേരില്‍ യെഡിയൂരപ്പയെ കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചു. അന്ന് അദ്ദേഹത്തെ രാജിവയ്പ്പിച്ചവര്‍ ഇപ്പോള്‍ മോദിയെ കുറിച്ചു മിണ്ടുന്നില്ല. എന്തുകൊണ്ടാണ് മോദിക്ക് വ്യത്യസ്ത പരിഗണന നല്‍കുന്നത്. മോദിയുടെ നിര്‍ദ്ദേശപ്രകാരമല്ലേ യെഡിയൂരപ്പയെ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിച്ചത്’’ – ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു.