തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകം പ്രത്യേകമായാണ് പണിമുടക്കിൽ പങ്കെടുക്കുക.
ഇതിനിടെ സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും. ദേശീയ പണിമുടക്കിൻറെ ഭാഗമായി കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ നാളത്തെ പണിമുടക്ക് ഏതെല്ലം വിഭാഗത്തെ ബാധിക്കുമെന്ന് നോക്കാം-
കെഎസ്ആർടിസി – കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന പ്രസ്താവനയുമായി ഗതാഗത മന്ത്രി രംഗത്തെത്തിയെങ്കിലും അതിനെ പാടെ തള്ളി ജീവനക്കാരും ടിപി രാമകൃഷ്ണനും എംഎ ബേബിയും രംഗത്തെത്തിയിരുന്നു. തങ്ങൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് കെഎസ്ആർടിസി തൊഴിലാളികൾ പറയുന്നത്. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും സിഐടിയു വ്യക്തമാക്കി. മന്ത്രിയെ തള്ളി യൂണിയനുകൾ രംഗത്തെത്തിയതോടെ കെഎസ്ആർടിസിയും ഓടാൻ സാധ്യതയില്ല. ജീവനക്കാർ പണിമുടക്കുമെങ്കിലും ആർസിസി– മെഡിക്കൽ കോളജ് എന്നിവടങ്ങിളിലേക്കുള്ള സർവീസുകളെ ബാധിച്ചേക്കില്ല. എല്ലാ മേഖലകളിലെയും മോട്ടർ തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളാവുന്നതിനാൽ സ്വകാര്യ ബസുകൾ നാളെയും ഓടില്ല.
ബാങ്കുകളും ഓഫിസുകളും-
കേന്ദ്ര– സംസ്ഥാന സർക്കാർ ഓഫിസുകൾ, കലക്ടറേറ്റുകൾ എന്നിവ നാളത്തെ പണിമുടക്കിൽ നിശ്ചലമാകും. മാത്രമല്ല ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടും. എൽഐസി ഓഫിസുകൾ, മറ്റ് ഇൻഷുറൻസ് ഓഫിസുകൾ എന്നിവിടങ്ങളിലും ജനങ്ങൾക്ക് സേവനം നഷ്ടമാവും.
കാർഷിക മേഖല- കാര്യമായി ബാധിക്കില്ല
നാളത്തെ പണിമുടക്കു കാർഷിക മേഖലകളേയും ബാധിക്കും. പക്ഷെ ഒരു വിഭാഗം തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരെ മാത്രമാണ് തൊഴിലാളിസംഘടനകൾ പണിമുടക്കുന്നതെന്നും എൽഡിഎഫ് സർക്കാരിന് വേണ്ടി തൊഴിലാളി സംഘടനകൾ വിടുപണി ചെയ്യുകയാണെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. അതിനാൽ പണിമുടക്ക് ആഹ്വാനം തള്ളിക്കളയാനും ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളും കോളേജുകളും-
സ്കൂൾ, കോളജ് അധ്യാപകർ നാളെ നടക്കുന്ന പണിമുടക്കിൻറെ ഭാഗമാണ്. അതിനാൽ സ്കൂളുകളിലും കോളേജുകളിലും ക്ലാസുകൾ മുടങ്ങും. പക്ഷെ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. ഫാക്ടറികളെയും പൊതുമേഖല സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും. കുറിയർ സർവീസുകൾ, ടെലികോം സേവനകൾ ലഭ്യമാക്കേണ്ട ഓഫിസുകൾ എന്നിവ അടഞ്ഞുകിടക്കും. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരമേഖലയേയും ബാധിക്കും. മാളുകളും തുറന്ന് പ്രവർത്തിച്ചേക്കില്ല.
പണിമുടക്കിൽ നിന്നു ഒഴിവാക്കിയവ
* പാൽ, പത്രവിതരണം, ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ, ജലവിതരണം, അഗ്നിശമന സേവനങ്ങൾ.
* വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങൾ, മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ പാർട്ടികൾ, ടൂറിസം മേഖല.
* റസ്റ്ററൻറുകൾ അടഞ്ഞുകിടക്കുമെങ്കിലും ടൂറിസം മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല.
* ആർസിസി – മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള അവശ്യ സർവീസുകൾ.