ടെൽ അവീവ്: കഴിഞ്ഞ മാസം നടന്ന ഇറാൻ – ഇസ്രയേൽ യുദ്ധത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ചതായി റിപ്പോർട്ട്. ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിനുണ്ടായ നഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത് ഇതാദ്യമായാണ്.
അതുപോലെ ഇസ്രയേൽ പ്രതിരോധസേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൈനിക സെൻസർഷിപ്പ് നിയമങ്ങൾ കാരണം ഇസ്രയേലിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരുന്നതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ടെൽ നോഫ് വ്യോമ താവളം, ഗ്ലിലോട്ട് രഹസ്യാന്വേഷണ താവളം, കൂടാതെ സിപ്പോറിറ്റ് ആയുധ നിർമ്മാണ താവളം എന്നിവിടങ്ങളിലടക്കമാണ് ഇറാന്റെ മിസൈലാക്രമണം നാശം വിതച്ചത്. ആറ് റോക്കറ്റുകളാണ് ഇസ്രയേലി സൈനിക താവളങ്ങളിൽ പതിച്ചത്. കൂടാതെ ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മറ്റ് 36 മിസൈലുകൾ ഇസ്രയേലിനുള്ളിൽ പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ഇത് 28 പേരുടെ മരണത്തിനിടയാക്കുകയും, 240 കെട്ടിടങ്ങൾക്കും രണ്ട് സർവ്വകലാശാലകൾക്കും, ഒരു ആശുപത്രിക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. 13,000-ത്തിലധികം ഇസ്രയേലികളെ ഭവനരഹിതരാക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
500 ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിൽ വിക്ഷേപിച്ചെങ്കിലും ഇതിൽ ഭൂരിപക്ഷവും പ്രതിരോധ സംവിധാനങ്ങൾ തകർത്തിട്ടുണ്ട്. 12 ദിവസത്തെ യുദ്ധത്തിനിടയിൽ 1100 ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതിൽ ഒന്ന് മാത്രമാണ് ഇസ്രയേലിനുള്ളിൽ ആഘാതമുണ്ടാക്കിയത്. പ്രതിരോധിച്ച മിസൈലുകളുടെ എണ്ണം ഉയർന്നതാണെങ്കിലും ഓരോ ദിവസം കഴിയും തോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വർധിച്ചുവന്നതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം യുദ്ധത്തിന്റെ ഏഴാം ദിവസത്തോടെ ഏകദേശം 16 ശതമാനം മിസൈലുകൾ ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളിലൂടെ കടന്നെത്തിയെന്ന് ഡാറ്റകളെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
അതുപോലെ ഇറാനുമായുള്ള സംഘർഷത്തിന്റെ ഘട്ടത്തിൽ പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിട്ടിരുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) നിഷേധിച്ചു. ഭീഷണി നേരിടാൻ ആവശ്യമായത്രയും മിസൈലുകളുമായി മുൻകൂട്ടി തയ്യാറെടുത്തിരുന്നു എന്ന് അവർ വ്യക്തമാക്കി. എന്നാൽ ഇറാൻ മിസൈലുകൾ മാറ്റി മാറ്റി പ്രയോഗിച്ചതും പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കാമെന്നും ടെലിഗ്രാഫ് പറയുന്നു.
അതേസമയം യുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ ഇറാൻ ക്ലസ്റ്റർ ബോംബ് മിസൈലുകളിൽ ഉപയോഗിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. അത് കൂടുതൽ ആഘാതമേൽപ്പിച്ചതായും വിലയിരുത്തിയിരുന്നു.