തൊടുപുഴ: മരിക്കുന്നതിനു തൊട്ടു മുൻപു ജോർലി പോലീസിനു നൽകിയ മൊഴിയിങ്ങനെ- ‘ഈ വിഷം നീ കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും, നീ ചാകുന്നതാണ് നല്ലത്’. ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിനു മുൻപ് ജോർലി പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടോണിയെ അറസ്റ്റ് ചെയ്തത്.
അതുപോലെ മകളുടെ മകൾക്കുനേരെ ടോണി നഗ്നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജോർലിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതറിഞ്ഞു മകൾ ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോണി ക്രൂരമായി ഉപദ്രവിച്ചു. ഭാര്യയെയും മകളെയും ഉപേക്ഷിക്കാൻ ടോണിയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജോർലി ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ടോണി എല്ലാ ദിവസവും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരുന്നതാണ്. അതിനിടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം മകളോട് കുടിക്കുവാൻ നിർബന്ധിച്ചതും വായിൽ ബലമായി ഒഴിച്ചതെന്നും പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം ടോണി വർഷങ്ങളായി ജോർലിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. തടിപ്പണിക്കാരനായ ടോണി പണി കഴിഞ്ഞ് മദ്യപിച്ച ശേഷമാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തുന്നതു മുതൽ വഴക്ക് പതിവാണ്. നേരത്തെ ടോണി ഓട്ടോറിക്ഷയായിരുന്നു ഓടിച്ചിരുന്നത്. അതുപേക്ഷിച്ചാണ് തടിപ്പണിയിലേക്കു തിരിഞ്ഞത്. വിവാഹ സമയത്തു ജോർലിക്ക് 20 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയുംവീട്ടുകാർ ആദ്യം നൽകി. പിന്നീട് പലപ്പോഴായി 4 ലക്ഷം രൂപയും നൽകി. ഇതെല്ലാം ടോണി മദ്യപാനത്തിലുടെയും ധൂർത്തിലൂടെയും ചെലവഴിച്ചു.
ഇതിനിടെ ഇവരുടെ 14 വയസുള്ള മകൾക്ക് ജോർലിയുടെ പിതാവ് വാങ്ങി നൽകിയ സ്വർണാഭരണങ്ങളും പ്രതി ധൂർത്തടിച്ചു. ആറു മാസം മുൻപ് ഭാര്യയെയും മകളെയും കൂട്ടി ടോണി വാടക വീട്ടിലേക്കു താമസം മാറി. അവിടെവച്ചും ഉപദ്രവം തുടർന്നു. ഇതിനു പിന്നാലെയാണ് ടോണി ജോർലിക്ക് ബലമായി വിഷം കൊടുത്തത്. 7 ദിവസം സ്വകാര്യ ആശുപത്രിയിൽ മരണവുമായി മല്ലടിച്ച ശേഷമാണ് ജോർലി മരിച്ചത്.