കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണുള്ള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നു ഫൊറൻസിക്, ഇൻക്വിസ്റ്റ് റിപ്പോർട്ടുകൾ പറയുന്നു. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് മരണമെന്നാണു പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഭാരമുള്ള വസ്തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ ശ്വാസം മുട്ടിയാണു ബിന്ദു മരിച്ചത് എന്ന വാദം പൊളിഞ്ഞു. പുറത്തുവന്ന രണ്ട് റിപ്പോർട്ടുകളും പറയുന്നത് അപകടത്തിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ്. കോൺക്രീറ്റ് തൂണുകൾ വീണ് ബിന്ദുവിന്റെ തലയോട്ടി തകർന്നിരുന്നതായാണ് ഇൻക്വിസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരുക്കേറ്റിരുന്നു. തലയുടെ മുക്കാൽ ശതമാനവും തകർന്നിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം രക്ഷാപ്രവർത്തനം രണ്ടര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെന്നും ഇതാണ് ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നുമായിരുന്നു ആരോപണങ്ങൾ. കൂടാതെ ബിന്ദുവിനെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്നു പുറത്തെടുത്ത സമയത്തു ശ്വാസം ഉണ്ടായിരുന്നതായാണു ദൃക്സാക്ഷികൾ പറഞ്ഞിരുന്നത്.