കോട്ടയം: മെഡിക്കൽ കോളജിലെ തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ ഇതുവരെ തിരികെവന്നില്ലെന്നും ഫോൺവിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ കരഞ്ഞുകൊണ്ടു പറഞ്ഞതോടെയാണ് ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കാം എന്ന സംശയം ഉരുത്തിരിഞ്ഞത്. ഇതോടെ എല്ലാവരും ഉണർന്നു, ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വിശദമായ തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും സമയം മണിക്കൂറുകൾ പിന്നിട്ടിരുന്നു.
ഇതിനിടെ പ്രാർഥനയോടെ ജീവനോടെ ബിന്ദുവിനെ കിട്ടാനുള്ള പ്രാർഥനയിലായിരുന്നു ഭർത്താവും മക്കളും. എന്നാൽ എല്ലാം വിഭലമായി. ചേതനയറ്റ ശരീരമായിരുന്നു കണ്ടെടുക്കാനായത്. ന്യൂറോസർജറിക്കു വേണ്ടിയാണ് മകൾ നവമിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്. ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ആശുപത്രിയിൽ അഡ്മിറ്റായത്.
ഞാൻ ആകെ തകർന്നിരിക്കുകയാണ്. അവളെ നഷ്ടപ്പെട്ടു നിൽക്കുമ്പോൾ എനിക്ക് ഒന്നും പറയാനാകുന്നില്ല’’ – വിശ്രുതൻ പറഞ്ഞു. അമ്മ പോകല്ലേയെന്നു പ്രാർഥിച്ചതാണെന്നു വിശ്രുതന്റെ മകനും എൻജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ‘‘ ഞാൻ ആരെയൊക്കെ വിളിച്ച് പ്രാർഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു’’ – പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.
അപകടം നടന്നു രണ്ടര മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണു ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും ആദ്യ കണ്ടെത്തൽ. മാത്രമല്ല ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു സ്ഥലത്തെത്തിയ മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോടു പറഞ്ഞത്. ഇതോടെ അപകടത്തെ നിസാരവത്കരിക്കുകയും ചെയ്തു. അപകടം നടന്നത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാർഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണു തകർന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേർക്കു പരുക്കേറ്റതെന്നും വി.എൻ. വാസവൻ പറഞ്ഞു. എന്നാൽ, തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറി ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകൾ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാർ പറയുന്നത്.